nz-vs-pak

ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെ വമ്പൻ സ്കോർ അടിച്ചെടുത്ത് ന്യൂസീലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 401 റൺസ്. ഓപ്പണർ രചിൻ രവീന്ദ്ര സെഞ്ചുറി നേടി കിവീസിനെ മുന്നിൽ നിന്നു നയിച്ചു. 94 പന്തുകൾ നേരിട്ട രചിൻ 108 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ 79 പന്തിൽ 95 റൺസെടുത്തു പുറത്തായി. അഞ്ച് റൺസിനാണ് വില്ലിക്ക് സെഞ്ചുറി നഷ്ടമായത്. 

ഗ്ലെൻ ഫിലിപ്സ് (25 പന്തിൽ 41), ഓപ്പണർ ഡെവോൺ കോൺവെ (39 പന്തിൽ 35), മാർക് ചാപ്മാൻ (27 പന്തിൽ 39), മിച്ചൽ സാന്റ്നർ (17 പന്തിൽ 26) എന്നിങ്ങനെയാണ് മറ്റു കിവീസ് ബാറ്റർമാരുടെ സ്കോറുകൾ. ഓപ്പണർ കോൺവെയുടെ പുറത്താകലിനു ശേഷം, രചിൻ രവീന്ദ്രയും കെയ്ൻ വില്യംസണും കൂട്ടിച്ചേർത്തത് 180 റൺസ്.

സ്കോർ 248 ൽ നിൽക്കെ ഇഫ്തിഖർ അഹമ്മദിന്റെ പന്തിൽ കെയ്ൻ വില്യംസൺ പുറത്തായി. ഇഫ്തിഖർ അഹമ്മദിനെ സിക്‌സടിക്കാനുള്ള ശ്രമത്തിൽ ലോംഗ് ഓഫിൽ ഫഖർ സമാന് ക്യാച്ച്. 79 പന്തുകൾ നേരിട്ട താരം രണ്ട് സിക്‌സും 10 ഫോറും നേടിയിരുന്നു. സെഞ്ചുറി നഷ്ടമായെങ്കിലും എഴുന്നേറ്റു നിന്നാണ് ബെംഗളൂരുവിലെ ആരാധകർ കിവീസ് ക്യാപ്റ്റന് കയ്യടിച്ചത്.10 ഓവറിൽ 60 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് വാസിം മാത്രമാണ് പാക്ക് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ലോക ഒന്നാം നമ്പർ ബോളർ ഷഹീൻ അഫ്രീദി 10 ഓവറിൽ വഴങ്ങിയത് 90 റൺസാണ്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഹസൻ അലി, ഇഫ്തിഖർ അഹമ്മദ്, ഹാരിസ് റൗഫ് എന്നിവർ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി.

New Zealand set massive 402 runs target for Pakistan