രചിന്‍ രവീന്ദ്ര.. ഏകദിന ക്രിക്കറ്റിന് ലഭിച്ച പുതിയ വരദാനം.. ഇന്ത്യന്‍ വംശജനായ കിവീസ് താരമെന്നതായിരുന്നു ലോകകപ്പ് ആരംഭിക്കും മുമ്പ് രചിന്‍റെ മേല്‍വിലാസമെങ്കില്‍ ഇന്നത് അങ്ങനെയല്ല. ഏകദിന ക്രിക്കറ്റിന്റെ ഭാവിതാരമെന്നാണ് വിദഗ്ധരടക്കം രചിനെ പറ്റി പറയുന്നത്. ആറ് മല്‍സരങ്ങളില്‍ നിന്ന് 406 റണ്‍സ് നേടിയ ചരിത്രം രചിച്ച് മുന്നേറുന്ന താരത്തെ പറ്റി ഇതല്ലാതെ മറ്റെന്ത് പറയാന്‍. രണ്ട് സെഞ്ചുറികളാണ് ലോകകപ്പില്‍ രചിന്‍ നേടിയത്. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെയും പിന്നീട് ഓസ്ട്രേലിയക്കെതിരെയും. 24 വയസ് തികയും മുമ്പ് രണ്ട് ലോകകപ്പ് സെഞ്ചുറിയെന്ന് വലിയ നേട്ടം സ്വന്തമാക്കി രചിന്‍. ക്രിക്കറ്റ് ഇതിഹാംസ സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് രചിനൊപ്പം ഈ നേട്ടം പങ്കിടുന്ന ഒരേയൊരാള്‍.

ഇനിയും മല്‍സരങ്ങളുള്ളതിനാല്‍ സച്ചിന്റെ ഈ റെക്കോര്‍ഡ് രചിന്‍ പൂര്‍ണമായി സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം. ധരംശാലയിലെ ആരാധകരുടെ പിന്തുണ അല്‍ഭുതപ്പെടുത്തിയെന്ന് രചിന്‍ പറയുന്നു. സച്ചിന്‍..സച്ചിന്‍ ആരവങ്ങള്‍ മുഴങ്ങിയ സ്റ്റേഡിയത്തില്‍ തന്റെ പേര് ആരാധകര്‍ ഏറ്റുവിളിക്കുന്നത് വലിയ സന്തോഷമുണ്ടാക്കിയെന്ന് രചിന്‍ പറഞ്ഞു. ലോകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തേടെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണെന്നും രചിന്‍ പറഞ്ഞു. ഓസീസിനെതിരായ തോല്‍വിയില്‍ നിരാശപ്പെട്ടിരിക്കാന്‍ സമയമില്ലെന്നും വരും മല്‍സരങ്ങളി‍ല്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കാനാണ് ശ്രമമെന്നും രചിന്‍ കൂട്ടിച്ചേര്‍ത്തു.