ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെ ജയ് ശ്രീറാം വിളിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇപ്പോഴിതാ നെതർലൻഡ്സിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിനിടെ മുഹമ്മദ് റിസ്‍വാൻ ഗ്രൗണ്ടിൽ വച്ച് നമസ്കരിച്ചെന്നാരോപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു പരാതി നൽകിയിരിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ. താരത്തിന്റെ നീക്കം ‘ക്രിക്കറ്റ് സ്പിരിറ്റിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന്’ അഭിഭാഷകൻ ആരോപിക്കുന്നു. ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേയ്ക്കാണ് അഭിഭാഷകൻ പരാതി അയച്ചത്.
നേരത്തെ റിസ്വാന് നേരെ ജയ് ശ്രീറാം വിളികൾക്കെതിരെ തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കായിക മത്സരങ്ങൾ വിദ്വേഷം പടർത്താനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് ഉദയനിധി എക്സ്സിൽ കുറിച്ചിരുന്നു.
മുമ്പ് ശ്രീലങ്ക പാക്കിസ്ഥാൻ മത്സരത്തിലെ വിജയം ഗാസക്കായി സമർപ്പിക്കുന്നുവെന്നും, ഹൈദരാബാദിലെ ആദിഥ്യമര്യാദയ്ക്ക് നന്ദി എന്നും മുഹമ്മദ് റിസ്വാൻ എക്സൽ കുറിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരെ നേടിയ സെഞ്ചറി ഗാസയിലെ ദുരിതമനുഭവിക്കുന്നവർക്കു സമർപ്പിക്കുന്നതായി റിസ്‍വാൻ പ്രതികരിച്ചതിനെതിരെയും നേരത്തേ പരാതികളുയർന്നിരുന്നു. റിസ്‍വാന്റെ പ്രസ്താവനയ്ക്കെതിരെ ഐസിസിക്ക് പരാതി പോയിട്ടുണ്ട്.
Complaint against Pakistani cricketer Rizwan for offering Namaz on field