ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടത്തില്‍ സെഞ്ചുറിയടിച്ച് ഫിനിഷ് ലൈന്‍ കടന്ന് ഇന്ത്യ. ബാഡ്മിന്റനിലെ ചരിത്ര സ്വര്‍ണവും കബഡിയിലെ ഇരട്ടസ്വര്‍ണനേട്ടവും ഗെയിംസിന്റെ അവസാന ദിനം ഇന്ത്യയ്ക്ക് അഭിമാനമായി. 28 സ്വര്‍ണമുള്‍പ്പടെ 107 മെഡലുകളുമായാണ് ഇന്ത്യ ഹാങ്ചോയില്‍ നിന്ന് മടങ്ങുന്നത്. മൂന്ന് മലയാളികളടങ്ങിയ റിലേ ടീമിന്റെ സ്വര്‍ണവും പ്രണോയിയുടെ ഇരട്ടമെഡലും ഉള്‍പ്പടെ എട്ട് മെഡലുകളാണ് കേരളത്തിലേയ്ക്കെത്തിയത്.
ബാഡ്മിന്റന്‍ കോര്‍ട്ടില്‍ നിന്ന് ഇന്ത്യ ആദ്യമായി പൊന്നണിഞ്ഞു. സാത്വിക് – ചിരാഗ് സഖ്യം തോല്‍പിച്ചത് കൊറിയയെ. കബഡിയില്‍ ഇന്ത്യന്‍ വനിതകള്‍ ചൈനയെ കീഴടക്കിയതോടെയാണ് മെഡല്‍ നേട്ടം നൂറുതൊട്ടത്
പുരുഷ ടീം ഇറാനെ തോല്‍പിച്ചതോടെ കബഡിയില്‍ ഇന്ത്യയുടെ ആധിപത്യം. പോയിന്റ് അനുവദിക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം മല്‍സരം നിര്‍ത്തിവച്ചു. വനിത ഹോക്കിയില്‍ ഇന്ത്യ ജപ്പാനെ തോല്‍പിച്ച് വെങ്കലം നേടി. മഴകാരണം പുരുഷ ക്രിക്കറ്റ് ഫൈനല്‍ മല്‍സരം ഉപേക്ഷിച്ചതോടെ ടൂര്‍ണമെന്റിലെ ഉയര്‍ന്ന സീഡുകാരായ ഇന്ത്യയ്ക്ക് സ്വര്‍ണം. അഫ്ഗാന്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴയെത്തിയത്. അമ്പെയ്ത്ത് കോംപൗണ്ട് പുരുഷ, വനിതാ വിഭാഗത്തില്‍ ഇരട്ട സ്വര്‍ണത്തോടെയാണ് ഇന്ത്യ ഇന്നത്തെ മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ