ഈ ലോകകപ്പിന്റെ താരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബോളറാണ് പാക്കിസ്ഥാന്റെ ഷഹീന്‍ ഷാ അഫ്രീദി. കഴിഞ്ഞ രണ്ട് ലോകകപ്പിലും വിക്കറ്റ് നേട്ടത്തില്‍ ഒന്നാമതെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സിംഹാസനം കൂടിയാണ് ഷഹീന്‍ ലക്ഷ്യമിടുന്നത്.
ഷഹീന്‍ ഷാ അഫ്രീദി, സിനിമയിലൊക്കെ പറയും പോലെ വെറും മാസല്ല, നല്ല മരണ മാസ് ബോളര്‍.. സംശയമുണ്ടെങ്കില്‍ ടീം ഇന്ത്യയോട് ചോദിച്ചാല്‍ മതി. അധികം ഓര്‍ക്കാന്‍ ഇഷ്ടപ്പടാത്ത ദുബായ് ട്വന്റി ട്വന്റി ലോകകപ്പില്‍ 10 പന്തുകളുടെ ഇടവേളയിൽ രോഹിത്തിനെയും രാഹുലിനെയും മടക്കി പയ്യനൊരു വരവ് വന്നു. പിന്നെ കോലിയുടേയും വിക്കറ്റ് സ്വന്തമാക്കി. അന്നെല്ലാവരും ‘ഷൈനിങ് ഷഹീന്‍’ എന്ന ക്യാപ്ഷനിലാണ് ഈ പേസറെ ഓര്‍ത്തത്. അത്രത്തോളമില്ലെങ്കിലും ബോളിങ് മൂര്‍ച്ചയില്‍ ഇന്നും ഷഹീന്‍ പുലിയാണ്.
ഷഹീന്റെ സ്വിങ്ങുകള്‍ ഏതു ലോകോത്തര ബാറ്ററെയും വെള്ളം കുടിപ്പിക്കുമെന്നുറപ്പ്. ന്യൂബോളിലും പവർപ്ലേയിലും മികച്ച ബോളിങ് റെക്കോർഡുള്ള താരം ഇക്കുറിയും പ്രകടനം ആവര്‍ത്തിക്കാനാണ് സാധ്യത. ആദ്യ ഓവറിൽത്തന്നെ വിക്കറ്റെടുക്കുന്നതില്‍ മിടുക്കനാണ് ഈ താരം. 44 ഏകദിന മല്‍സരങ്ങളില്‍ നിന്ന് 56 വിക്കറ്റുകളാണ് ഇതുവരെ ഷഹീന്‍ നേടിയത്. വിക്കറ്റ് നേട്ടത്തിലെ സെഞ്ചുറി ഷഹീന്‍ ആഘോഷിക്കുന്നത് ലോകകപ്പിനിടെയാകുമെന്നുറപ്പ്. 53 മല്‍സരങ്ങളില്‍ നിന്ന് നൂറ് വിക്കറ്റ് സ്വന്തമാക്കിയ പാക്കിസ്താന്റെ സഖ്‍ലെയ്ന്‍ മുഷ്താഖിന്റെ റെക്കോര്‍ഡ് ഷഹീന്‍ മറികടക്കുമെന്നുറപ്പാണ്.
2019 ലോകകപ്പില്‍ 5 മല്‍സരങ്ങളില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ ഇക്കുറിയെന്ത് മാജിക് കാണിക്കുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ലൈനും ലെങ്തും മാറ്റി പരീക്ഷിച്ച് ബാറ്റർമാരെ കുഴക്കുന്നതിൽ വിദഗ്ധനാണ് ഷഹീൻ. ആറരയടി ഉയരക്കാരനായ ഷഹീൻ കൈയുയർത്തി എറിയുമ്പോൾ ഏകദേശം എട്ടടിയോളം ഉയരത്തിൽനിന്നാണ് പന്തു ബാറ്റർമാരുടെ നേർക്കെത്തുക. കൈക്കുഴകൊണ്ടു പന്തിന്റെ ദിശമാറ്റുന്ന ബോളിങ് ശൈലി കൂടിയാകുമ്പോൾ ഇത്ര ഉയരത്തിൽനിന്നു വരുന്ന പന്തിന്റെ ഗതിയറിയാതെ ബാറ്റർമാർ വലയും.
എന്നാല്‍ ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ ഷഹീനെ സമര്‍ഥമായി പ്രതിരോധിച്ചിരുന്നു. അക്രമമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന ലൈനിലായിരുന്നു ടീം ഇന്ത്യയുടെ ബാറ്റിങ്. ഷഹീനെ ബഹുമാനിച്ച് തുടങ്ങുമെന്ന് പ്രതീക്ഷിച്ച ക്യാപ്റ്റന്‍ രോഹിത് ആദ്യ ഓവറില്‍ തന്നെ സിക്സര്‍ കണ്ടെത്തിയത് പാക്കിസ്ഥാനെ ഞെട്ടിച്ചു. പിന്നാലെ തുരുതുരെ ബൗണ്ടറി പായിച്ച് ശുഭ്മന്‍ ഗില്‍. ഇന്ത്യന്‍ ഓപ്പണര്‍മാരുടെ സ്റ്റൈല്‍ പിന്തുടരാന്‍ മറ്റുടീമുകള്‍ തീരുമാനിച്ചാല്‍ അതിനപ്പുറം ഐഡിയയുമായാകും ഷഹീനെത്തുക..
കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഷഹീന് പരുക്കേറ്റതാണ് ശരിക്കും പാക്കിസ്ഥാന് തിരിച്ചടിയായത്. 2 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു നിൽക്കുമ്പോഴായിരുന്നു പരുക്കേറ്റ് കളംവിട്ടത്. അതോടെ, ബാക്കിയുള്ള രണ്ട് ഓവര്‍ എറിയാന്‍ ഷഹീനായില്ല. അവസാന 5 ഓവറിൽ 41 റൺസായിരുന്നു ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. ഷഹീന് പന്തെറിയാനായെങ്കില്‍ മല്‍സരഫലം മറ്റൊന്നായേനെ എന്ന് ചിന്തിക്കുന്നവരുണ്ട്. അത്രയ്ക്കും പാക്ക് ടീം ആശ്രയിക്കുന്നുണ്ട് ഷഹീന്‍ ഷാ അഫ്രീദിയെ.
World cup awaits Afridi's thunderbolt
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.