ചിത്രം:PTI

ചിത്രം:PTI

  • ലോകകപ്പില്‍ സെ‍ഞ്ചറി നേടുന്ന പ്രായം കുറഞ്ഞതാരം
  • മൂന്നാം നമ്പറില്‍ കെയ്​ന്‍ വില്യംസണ് പകരക്കാരനായിറങ്ങി

നാലുവര്‍ഷം മുമ്പ് കണ്ണീരിലാഴ്ത്തിയ ഇംഗ്ലണ്ടിനെതിരെ ലോകകപ്പ് അരങ്ങേറ്റത്തില്‍ കന്നി സെഞ്ചറിയടിച്ച് കണക്കുതീര്‍ത്ത് രചിന്‍ രവീന്ദ്ര. ലോകകപ്പില്‍ സെ‍ഞ്ചറി നേടുന്ന പ്രായം കുറഞ്ഞതാരമായി 23 വയസുകാരന്‍ രചിന്‍. കെയിന്‍ വില്യംസന് പകരക്കാരനായാണ് മൂന്നാം നമ്പറില്‍ ബാറ്റുചെയ്യാന്‍ രചിന്‍ ഇറങ്ങിയത്.

 

2019 ജൂലൈ 14 , ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെ നേരിടുന്നു. ബെംഗളൂരൂവിലെ ഒരു പബ്ബിലിരുന്ന് ന്യൂസീലന്‍ഡിനായി ആര്‍പ്പുവിളിക്കുന്ന ഒരു പത്തൊമ്പതുകാരന്‍. ഒടുവില്‍ അവനെ കണ്ണീരിലാഴ്ത്തി നാടകീയമായി കിവീസ് തോറ്റു. 2023 ഒക്ടോബര്‍ 5, ലോകകപ്പ് ഉദ്ഘാടനമല്‍സരത്തില്‍ ഇതേ ന്യൂസീലന്‍ഡും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. 283 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവികളുടെ ഓപ്പണര്‍ വില്‍ യങ് സംപൂജ്യനായി പുറത്ത്. മൂന്നാമനായി ടീമിനെ കരകയറ്റാന്‍ നീയോഗമുണ്ടായത് അന്ന് കരഞ്ഞുറങ്ങിയ ആ പയ്യന്. ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്ര. സെഞ്ചറി നേടി രചിന്‍ ലോകകപ്പില്‍ വരവറിയിച്ചു. 

TOPSHOT-CRICKET-ICC-MENS-WC-2023-ENG-NZL-ODI

 

രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ തെൻഡുക്കൽറിന്റെയും കടുത്ത ആരാധകരായ മാതാപിതാക്കൾ ഇഷ്ട താരങ്ങളുടെ പേരുകൾ കൂട്ടിയിണക്കി മകനിട്ട പേരാണു രചിൻ. 2016ലെ അണ്ടർ 19 ഏകദിന ലോകകപ്പിലും മിന്നുംപ്രകടനമാണ് രചിന്‍ നടത്തിയത്. ബെംഗളൂരു സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ രവി കൃഷ്ണമൂർത്തിയാണു പിതാവ്. 1990ലാണ് രവിയും കുടുംബവും ന്യൂസീലൻഡിലേക്കു താമസം മാറിയത്

 

എല്ലാവര്‍ഷവും ഒരിക്കല്‍ കുടുംബസമേതം രചിന്റെ മാതാപിതാക്കള്‍ നാട്ടിലെത്തും. അത്തരമൊരു ഇടവേളയിലായിരുന്നു രചിന്‍ 2019ല്‍ ഇന്ത്യയിലിരുന്ന് ലോകകപ്പ് മല്‍സരങ്ങള്‍ കണ്ടത്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയ്ക്കെതിരെയായിരുന്നു രചിന്റെ ടെസ്റ്റ് അരങ്ങേറ്റം. അന്ന് ഇന്ത്യയ്ക്കും വിജയത്തിനുമിടയില്‍ പൊരുതി നിന്നത് രചിനായിരുന്നു. പത്താം വിക്കറ്റില്‍ രചിനും മറ്റൊരു ഇന്ത്യൻ വംശജനായ അജാസ് പട്ടേലും 52 പന്തുകൾ  പ്രതിരോധിച്ചുനിന്നു. ആഭ്യന്തര ക്രിക്കറ്റിലടക്കം ഓപ്പണറായെത്തുന്ന താരമാണ് രചിന്‍.. പക്ഷേ ദേശീയ ടീമില്‍ മൂന്നാമനായാണ് രചിനെത്തുന്നത്. ആദ്യ മല്‍സരത്തിലെ സെഞ്ചറിക്കരുത്തില്‍ രചിന് ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയാല്‍ അല്‍ഭുതപ്പെടാനില്ല. 

 

 

Rachin Ravindra scores unbeaten maiden century for New Zealand

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.