ഏകദിന ലോകകപ്പില്‍ ഏറ്റവും വലിയ വെടിക്കെട്ട് ബാറ്റിങ് നടത്തിയിരിക്കുന്നത് ന്യൂസീലന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ആണ്. 2015 ലോകകപ്പില്‍ 163 പന്തുകളില്‍ നിന്ന്് 237 റണ്‍സാണ് വെസ്റ്റീസിനെതിരെ ഗുപ്റ്റില്‍ അടിച്ചുകൂട്ടിയത്. ഗുപ്റ്റിലിനെ പോലെ വെടിക്കെട്ട് നടത്തിയ പലരും വിരമിച്ചെങ്കിലും ചില വെടിക്കെട്ട് പ്രകടനക്കാര്‍ ഇത്തവണയും വിവിധ ടീമുകളിലായുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ആരാവും ടൂര്‍ണമെന്‍റിന്‍റെ താരമാവുക. ആരാവും കൂടുതല്‍ റണ്‍ അടിക്കുക. ചര്‍ച്ചകള്‍ സജീവമാണ് എവിടെയും.  പ്രതീക്ഷക്കൊത്ത്  ഉയര്‍ന്ന താരങ്ങളും നിരാശപ്പെടുത്തിയവരും  അപ്രതീക്ഷിത പ്രകടനങ്ങള്‍ കൊണ്ട് ആരാധക ഹൃദയം കീഴടക്കിയവരുമുണ്ട്  ലോകകപ്പ് ചരിത്രത്തില്‍. പടുകൂറ്റന്‍ അടികള്‍ക്ക് പേരുകേട്ടവര്‍ മുതല്‍ പുതിയ ബാറ്റിങ് താരോദയങ്ങള്‍  വരെ ഇത്തവണ ഒരേ പോലെ പ്രതീക്ഷ നല്‍കുന്നു. രോഹിത് ശര്‍മ , വിരാട് കോലി , ശുഭ്മാന്‍ ഗില്‍,  ബാബാര്‍ അസം , സ്റ്റീവ് സ്മിത്ത്  , ബെന്‍ സ്റ്റോക്ക്സ് തുടങ്ങി അങ്ങനെ  പോകുന്നു  താരനിര . മുന്‍ലോകകപ്പുകളില്‍  ചില കൂറ്റന്‍ വ്യക്തിഗത സ്കോറുകള്‍ നേടിവരില്‍ ചിലര്‍  ഇത്തവണയും ലോകകപ്പിനുണ്ട്. അവര്‍ ആരൊക്കെയാണ് .

ഹിറ്റ്മാന്‍  രോഹിത് ശര്‍മ

2011 ല്‍  ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ രോഹിത് ശര്‍മ ആ ടീമിലില്ല.  പക്ഷെ  2015  ലോകകപ്പില്‍  മെല്‍ബണില്‍ ബംഗ്ലാദേശിനെതിരെ  14 ബൗണ്ടറിയും 3 സിക്സറുമായി 137  റണ്‍സ് രോഹിത്ത് ശര്‍മ അടിച്ചുകൂട്ടിയിട്ടുണ്ട്.  2019 ല്‍ ഇതിനെ മറികടന്നു രോഹിത്. പാക്കിസ്ഥാനെതിരെ  രോഹിത്തിന്‍റെ  140 റണ്‍സ് ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.  

ഡേവിഡ് വാര്‍ണര്‍  

ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയില്‍ കരുത്തുകാട്ടാന്‍ ഇത്തവണയും വാര്‍ണര്‍ ഉണ്ട് .  2015 ലോകകപ്പില്‍ പെര്‍ത്തില്‍ അഫ്ഗാനിസ്ഥാനെതിരായിരുന്നു വാര്‍ണറുടെ ബാറ്റിങ് വെടിക്കെട്ട്. 133 പന്തുകളില്‍ നിന്ന് 19 ബൗണ്ടറിയും അഞ്ചു സിക്സറുകളും ഉള്‍പ്പടെ വാര്‍ണര്‍ 178 റണ്‍സാണ് അടിച്ചെടുത്തത്. 36 കാരനായ  വാര്‍ണര്‍  സ്വന്തം  ബാറ്റിങ്ങ് മികവില്‍   ലോകകപ്പ് നേടി വിരമിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ലേ

കെയ്ന്‍ വില്യംസണ്‍

ഏകദിന റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന ന്യൂസീലന്‍റിന് ലോകകപ്പ് വേദിയില്‍ ഏറ്റവും അധികം പ്രതീക്ഷയുള്ള ബാറ്റര്‍മാരില്‍ ഒരാളാണ് കെയ്ന്‍ വില്യംസണ്‍. 2019 ലെ ലോകകപ്പില്‍ വെസ്റ്റീസിനെതിരെയാണ് വില്യംസണ്‍ ബാറ്റിങ് വെടിക്കെട്ട് നടത്തിയത്. 148 റണ്‍സായിരുന്ന സംഭാവന. ഓപ്പണമാര്‍ രണ്ടും പൂജ്യത്തിന് മടങ്ങിയപ്പോള്‍ കാവാലാളായി ടീമിനെ രക്ഷിച്ചു. 

ഡേവിഡ് മില്ലര്‍

2015 ലോകകപ്പില്‍ സിംബാബ്‌വെയ്ക്കെതിരെയാണ് ദക്ഷിണാഫ്രിക്കന്‍ താരം മില്ലര്‍ തകര്‍ത്തടിച്ചത്. ക്വിന്‍റന്‍ ഡി–കോക്കും ഹാഷിം ആംലയും ഡുപ്ലസിയും എ.ബി. ഡിവില്ലിയേഴ്സും 25 ല്‍ താഴെ റണ്ണുകള്‍ക്ക് പുറത്തായപ്പോള്‍  മില്ലറുടെ   138 റണ്‍സാണ്   ടീമിന് കരുത്തായത്. അന്ന്  മില്ലറുടെ  രണ്ടാം രാജ്യാന്തര സെഞ്ചുറിയായിരുന്നുവെങ്കില്‍ ഇന്ന് ഏകദിന റാങ്കിങ്ങില്‍ 15 ആം സ്ഥാനത്ത് മില്ലറുണ്ട്.

വിരാട് കോലി

ലോകകപ്പിലെ കൂറ്റനടികളില്‍ വിരാട് കോലിയുടെ പേരിലില്ലെങ്കിലും കോലിയെ ഒഴിവാക്കി ഈ പട്ടിക പൂര്‍ത്തിയാക്കാനാവില്ല.  ഇന്ത്യ ഒടുവില്‍ മുബൈയില്‍ കപ്പെടുക്കുമ്പോള്‍ ആ ടീമില്‍ വിരാട് കോലിയുണ്ടായിരുന്നു. ലോകകപ്പ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ഒരേ ഒരു ഇന്ത്യന്‍ ബാറ്ററും വിരാട് കോലിയാണ്. 2011 ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ആ നേട്ടം. 2019 ല്‍ അഞ്ച് ഫിഫ്റ്റിയടിച്ച കോലിയുടെ ബാറ്റിങ് പ്രകടനത്തിന് കാത്തിരിക്കുകയണ് ഏവരും.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചിട്ടുള്ള റെക്കോര്‍ഡ് ഇന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍റെ പേരിലാണ്. 2003 ലെ ലോകകപ്പില്‍ 11 മല്‍സരങ്ങളിലായി 673 റണ്‍സാണ് സച്ചിന്‍ അടിച്ചു കൂട്ടിയത്. ഈ റിക്കോര്‍ഡ് ഇത്തവണ തകര്‍ക്കപ്പെടുമോ.