ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ മൂന്നാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറായി വാഷിങ്ടണ്‍ സുന്ദര്‍. മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയ മുന്‍പില്‍ വെച്ച 353 റണ്‍സ് ചെയ്സ് ചെയ്യവെയാണ് ഓപ്പണിങ്ങില്‍ ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം. വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരുന്നതിലൂടെ എന്താണ് ടീം ലക്ഷ്യം വയ്ക്കുന്നതെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
രാജ്കോട്ട് ഏകദിനത്തില്‍ കൂറ്റന്‍ വിജയ ലക്ഷ്യം മുന്‍പില്‍ നില്‍ക്കെ സ്കോറിങ്ങിന്റെ വേഗം കൂട്ടിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചെയ്സിങ്ങിന് തുടക്കമിട്ടത്. എന്നാല്‍ മറുവശത്ത് കരുതലോടെ കളിക്കുന്ന വാഷിങ്ടണിനെയാണ് ആദ്യ ഓവറുകളില്‍ കണ്ടത്. 'ലോകകപ്പില്‍ 3,4,5 സ്ഥാനങ്ങളില്‍ കോലി, ശ്രേയസ്, രാഹുല്‍ എന്നിവരെ തന്നെ ഇറക്കാനാണ് ഇന്ത്യയുടെ നീക്കം. അപ്പോള്‍ അവര്‍ക്ക് താഴെയുള്ളൊരാള്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനെത്തണം. വാഷിങ്ടണ്‍ സുന്ദര്‍ ഇതൊരു നല്ല അവസരമായി എടുക്കണം' എന്നാണ് ഹര്‍ഷ ഭോഗ്ലെ ട്വിറ്ററില്‍ കുറിച്ചത്.
ശുഭ്മാന്‍ ഗില്ലിന് അവസാന ഏകദിനത്തില്‍ വിശ്രമം അനുവദിച്ചപ്പോള്‍ ഇഷാന്‍ കിഷന്‍ ഓപ്പണിങ്ങിലേക്ക് വന്നേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇഷാന്‍ കിഷന്‍ അവസാന ഏകദിനത്തിനുള്ള പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചില്ല. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ കോലിയോ, കെ.എല്‍.രാഹുലോ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ലോകകപ്പിന് മുന്‍പ് താരങ്ങള്‍ ബാറ്റ് ചെയ്ത് പോന്നിരുന്ന അതേ പൊസിഷനില്‍ തന്നെ കോലി ഉള്‍പ്പെടെയുള്ളവരെ ബാറ്റ് ചെയ്യിക്കുകയാണ് ടീം മാനേജ്മെന്റിന്റെ ലക്ഷ്യമെന്നാണ് വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കിയതിലൂടെ വ്യക്തമാവുന്നത്.