2010 ല്‍ റയൽ മാഡ്രിഡിലേക്ക് ഓസില്‍ എത്തുമ്പോള്‍ ഒപ്പുവെച്ച കരാറില്‍ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു, ബാലന്‍ ദി ഓര്‍ ജയിച്ചാല്‍ ഒരു മില്യണ്‍ യൂറോ ബോണസായി നല്‍കണം... കളിക്കളത്തില്‍ എന്നും കാണിച്ച ആ ആത്മവിശ്വാസം കയ്യില്‍ പിടിച്ച് പൊരുതുകയായിരുന്നു ഓസിൽ. പക്ഷേ പലപ്പോഴായി തോൽവി സമ്മതിച്ചു. മുഴുവന്‍ ജര്‍മനാവാന്‍ എന്തെങ്കിലും മാനദണ്ഡങ്ങളുണ്ടോ? ജന്മം കൊണ്ട് ജര്‍മനാണ് ഞാൻ. പക്ഷേ ജയിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ജര്‍മന്‍കാരനാവുന്നത്. തോല്‍ക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് കുടിയേറ്റക്കാരന്‍ മാത്രമാണെന്നാണ് ഓസിലിന്റെ വാക്കുകൾ...ഓസിലിന്റെ വേരിലേക്ക് തിരിഞ്ഞ ഈ വംശിയതയിൽ എന്നും ഫുട്ബോൾ ലോകത്തിന് തലതാഴ്ത്തേണ്ടി വരും. ഇപ്പോഴിതാ താൻ ഹൃദയത്തോട് ചേർത്ത് പിടിച്ച രാജ്യം മറ്റൊരു ചുമതല കൂടി ഓസിലിന് നൽകാനൊരുങ്ങുന്നു. തുർക്കി ഫുട്ബോൾ ടീമിന്റെ ജനറൽ മാനേജർ പദവിയിലേക്ക് ഓസിലിനെ പരിഗണിക്കുന്നു.. വിഡിയോ കാണാം.
2014ലെ ലോക കപ്പ് വിജയിയാണ്. എന്നാല്‍ ജര്‍മന്‍ കുപ്പായം അണിയുമ്പോള്‍ ഓസില്‍ ആത്മാര്‍ഥത ഇല്ലാതെ കളിക്കുന്നു എന്നാണ് ജർമനിയിലെ വലതുപക്ഷ മാധ്യമങ്ങൾ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്. കാരണം ഓസിലിനൊപ്പം ജർമൻ ടീം പരാജയപ്പെടുമ്പോഴാണ് തുര്‍ക്കി വംശജരാണ്, മുസ്ലീം വംശജരാണ് ഒസിലിന്റെ മാതാപിതാക്കള്‍ എന്ന് അവരെല്ലാം ഓർക്കുന്നത്.
പ്രകോപനം എത്ര വലുതാണെങ്കിലും കളിക്കളത്തിന് പുറത്ത് ഒസിലിന്റെ സ്വരം അങ്ങനെ ഉയര്‍ന്നു കേട്ടിട്ടില്ല. ഗ്രൗണ്ടില്‍ പന്ത് തട്ടിയായിരുന്നു മറുപടികൾ എല്ലാം. എന്നാൽ നിശബ്ദനായി കളിച്ചു വിമര്‍ശകരുടെ വായടപ്പിച്ചിരുന്ന ഇരുപത്തിയൊമ്പതുകാരന് പക്ഷേ ജര്‍മന്‍ ജേഴ്‌സി അഴിച്ചപ്പോൾ പൊട്ടിത്തെറിക്കേണ്ടി വന്നു. 2018 ലോകകപ്പിന് മുൻപ് എര്‍ദോഗനൊപ്പമുള്ള ഫോട്ടോയുടെ പേരിൽ ഓസിലിനെ ജർമൻ മാധ്യമങ്ങൾ വളഞ്ഞാക്രമിച്ചു. സഹികെട്ട് ഓസിലിനോട് ജര്‍മന്‍ കുപ്പായം അഴിച്ചു മാറ്റാന്‍ പിതാവ് വരെ നിര്‍ദേശിച്ചു. തുര്‍ക്കിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഓസില്‍ വല കുലുക്കിയതും വംശിയത മനസില്‍ കൊണ്ടുനടക്കുന്നവരുടെ കണ്ണില്‍പ്പെട്ടില്ല. അവിടെ ഗോള്‍ ആഘോഷം ഓസില്‍ ഒഴിവാക്കിതാണ് അവരെ പ്രകോപിപ്പിച്ചത്. എന്റെ വേരുകള്‍ നില്‍ക്കുന്ന നാടിനോടുള്ള ആദരവ് പ്രകടിപ്പിക്കുക മാത്രമാണ് ആ ഗോള്‍ ആഘോഷിക്കാതിരുന്നതിന് പിന്നില്‍ എന്ന ഓസിലിന്റെ വാക്കുകളും അവരെ ശാന്തരാക്കിയില്ല. എന്നിട്ടും നിശബ്ദനായി നിന്ന് പൊരുതി നോക്കുകയായിരുന്നു ഓസില്‍.
കോച്ചിനും ടീമിനും ക്ലബിനുമെല്ലാം തന്നില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ കടിച്ചു തൂങ്ങില്ലെന്ന് ഓസിൽ എന്നും വ്യക്തമാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡ് വിട്ടതും ജർമൻ കുപ്പായം അഴിച്ചതും ഉദാഹരണം. എര്‍ദോഗന്‍ വിവാദം കത്തിയപ്പോഴും ഓസില്‍ ജർമൻ കുപ്പായത്തിൽ ലോകകപ്പ് കളിക്കാൻ ആഗ്രഹിച്ചു. കാരണം ലോയുടെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ആദ്യം വന്നിരുന്ന പേര് ഓസിലിന്റേതായിരുന്നു. എന്നാൽ സ്വീഡനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസിലില്ലാതെ ജര്‍മനി കളിച്ചു. 2010ന് ശേഷം ഓസിലിനെ ആദ്യമായി ടീം ബെഞ്ചിലിരുത്തി. ഇനി തുടരുന്നതില്‍ കാര്യമില്ലെന്ന് ഓസിലും അവിടെ തീരുമാനിച്ചു.
നികുതി അടയ്ക്കുന്നത് ജര്‍മനിക്കാണ്. ജര്‍മനിയിലെ സ്‌കൂളുകള്‍ക്ക് വേണ്ടി ഞാന്‍ ദാനം ചെയ്യുന്നു, 2014ലെ ലോക കപ്പ് ജര്‍മനിക്ക് വേണ്ടി ജയിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ സമൂഹം എന്നെ അംഗീകരിക്കുന്നില്ല? സഹതാരങ്ങളായ ലുകാസിനേയും പൊഡൊളോസ്‌കിയേയും ജര്‍മന്‍-പോളിഷ് എന്ന് നിങ്ങള്‍ വിശേഷിപ്പിക്കുന്നില്ല. പിന്നെ എന്നെ മാത്രം എന്തുകൊണ്ട് ജര്‍മന്‍-തുര്‍ക്കിഷ് എന്ന് കാണുന്നു? ഫുട്ബോള്‍ ലോകത്തെ അസ്വസ്ഥപ്പെടുത്തി ഓസില്‍ ചോദിച്ചു.
ഒടുവില്‍ 2021ല്‍ എന്നും താന്‍ നെഞ്ചോട് ചേര്‍ത്ത മണ്ണിലേക്ക് ക്ലബ് ഫുട്ബോള്‍ കളിക്കാന്‍ ഓസില്‍ എത്തി. അഭിമാനത്തോടെ ഈ ജഴ്സി അണിയും, ഫെനെര്‍ബാഹ്‌സിലേക്ക് എത്തിയ ഓസില്‍ തുര്‍ക്കിയോടുള്ള സ്നേഹം മുറുകെ പിടിച്ചു. അതേ മണ്ണില്‍ വെച്ച് ക്ലബ് ഫുട്ബോളില്‍ നിന്നും ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 17 വര്‍ഷം നീണ്ട കരിയറിന് തിരശീല. എന്നാൽ വിരമിക്കൽ പ്രഖ്യാപിച്ച് ഏതാനും മാസങ്ങൾ മാത്രം പിന്നിടുമ്പോഴേക്കും തുർക്കി ദേശിയ ടീമിനൊപ്പം ചേരുക എന്ന ഉത്തരവാദിത്വം ഓസിലിന് മുൻപിലേക്കെത്തുന്നു. ഇരുകയ്യും നീട്ടി ഓസിലത് സ്വീകരിച്ചേക്കും. ഓസിലിന് കീഴിൽ വീണ്ടും തുർക്കി ടീം പടക്കുതിരകളാവുമോ? ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം...
Story Highlights: Mesut Özil, German former footballer