ലോകകപ്പ് യോഗ്യതാ മത്സരത്തിനായി അര്‍ജന്റൈന്‍ ടീമിനൊപ്പം ബൊളീവിയയിലേക്ക് പറന്ന് മെസി. ഇക്വഡോറിന് എതിരായ മത്സരത്തില്‍ 88ാം മിനിറ്റില്‍ മെസി കളിക്കളം വിട്ടിരുന്നു. ഇതോടെ ബൊളിവിയക്കെതിരെ മെസി കളിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ ടീമിനൊപ്പം മെസി ബൊളിവിയയിലേക്ക് തിരിക്കും എന്ന് സ്ഥിരീകരിച്ച് പരിശീലകന്‍ സ്കലോനി രംഗത്തെത്തി.
എതിരാളികള്‍ കളിക്കാന്‍ പ്രയാസം നേരിടുന്ന ബൊളിവിയയിലെ ലാ പാസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ എതിര്‍നിര താരങ്ങള്‍ക്ക് ശ്വാസമെടുക്കാന്‍ പോലും പ്രയാസം നേരിടുന്ന അവസ്ഥ എത്താറുണ്ട്. ഇതുകൊണ്ട് തന്നെ ബൊളിവിയക്കെതിരായ മത്സരം അര്‍ജന്റീനക്ക് വെല്ലുവിളിയാണ്.
ഇക്വഡോറിന് എതിരെ ഫുള്‍ ടൈം ഗ്രൗണ്ടില്‍ തുടരാതിരുന്നത് എന്തുകൊണ്ട് എന്ന് വിശദീകരിച്ച് മെസി എത്തിയിരുന്നു. അല്‍പ്പം ക്ഷീണിതനായതിനാലാണ് ഇക്വഡോറിനെതിരായ കളിയില്‍ 88ാം മിനിറ്റില്‍ ഗ്രൗണ്ട് വിട്ടതെന്നാണ് മെസി വ്യക്തമാക്കിയത്. മെഡിക്കല്‍ പരിശോധനകളില്‍ താരത്തിന് പരിക്കുകള്‍ ഒന്നുമില്ല എന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് താരം ടീമിനൊപ്പം ബൊളിവിയയിലേക്ക് തിരിച്ചത്. എന്നാല്‍ ബൊളിവിയക്കെതിരെ മെസി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എയ്ഞ്ചല്‍ ഡി മരിയയാവും ബൊളിവിയക്കെതിരെ ക്യാപ്റ്റന്‍ എന്നാണ് സൂചനകള്‍.