പരുക്കേറ്റ കെ.എല്‍ രാഹുലിന് ഏഷ്യ കപ്പില്‍ പാക്കിസ്ഥാനും നേപ്പാളിനുമെതിരായ ആദ്യ രണ്ട്  മല്‍സരങ്ങള്‍ നഷ്ടമാകും. നിലവില്‍ ബംഗളൂരുവിലെ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുന്ന രാഹുലിന് ടീമിനൊപ്പം ചേരാനാകുമോയെന്ന്  അടുത്ത തിങ്കളാഴ്ചയോടെ മാത്രമേ പറയാനാകൂ. നാളെ തുടങ്ങുന്ന ഏഷ്യ കപ്പിലെ ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാന്‍ നേപ്പാളിനെ നേരിടും.

 

ഐപിഎല്ലിനിടെ കാലിനേറ്റ പരുക്ക് ഭേദമായെങ്കിലും തുടര്‍ന്നുള്ള പരിശീലനത്തിനിടെയാണ് രാഹുലിന് വീണ്ടും നിസാരപരുക്കേറ്റത്. ഏഷ്യ കപ്പിനായി ശ്രീലങ്കയിലേയ്ക്ക് തിരിക്കുന്ന ടീമിനൊപ്പം രാഹുല്‍ ഉണ്ടാകില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുന്ന രാഹുല്‍ ടീമിനൊപ്പം ചേരുമോയെന്ന് അടുത്ത തിങ്കളാഴ്ച മാത്രമേ തീരുമാനിക്കൂവെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. രാഹുലിന് ഫിറ്റ്നസ് തെളിയിക്കാനായില്ലെങ്കില്‍ പതിനെട്ടാമനായി ടീമിനൊപ്പമുള്ള സഞ്ജുവിന് അവസരം നല്‍കും. നാളെ മുള്‍ത്താലിനെ ഉദ്ഘാടന പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നേപ്പാളിനെ നേരിടും. ആദ്യമായാണ് നേപ്പാള്‍ ഏഷ്യ കപ്പിനെത്തുന്നത്. 

 

അഫ്ഗാനിസ്ഥാനെ 3–0ന് തകര്‍ത്തതോടെ ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരെന്ന മേല്‍വിലാസത്തോടെയാണ് പാക്കിസ്ഥാന്റെ വരവ്. നാല് മല്‍സരങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വേദിയാകുമ്പോള്‍ ഫൈനല്‍ അടക്കം ഒന്‍പത് മല്‍സരങ്ങള്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയില്‍ നടക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവര്‍ ആദ്യ ഗ്രൂപ്പിലും ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ രണ്ടാം ഗ്രൂപ്പിലും മല്‍സരിക്കും. ഇരുഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേയ്ക്ക് യോഗ്യത നേടും. സെപ്റ്റംബര്‍ 17നാണ് ഫൈനല്‍.

 

 

Asia Cup 2023: KL Rahul unavailable for first two games, says team India Coach Rahul Dravid