ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനിലിറങ്ങുമ്പോള്‍ കണ്ട കൃത്യത,സൂക്ഷമത അതാണ് പ്രഗ്നാനന്ദയുടെ കാര്യത്തിലും പറയാനുള്ളത്. എതിരാളിയുടെ കണ്ണുകളില്‍ നോക്കി നീക്കങ്ങള്‍ മനസിലാക്കുന്ന കൗശലം, കരുനീക്കങ്ങളിലെ സൂക്ഷമത, അര്‍പ്പണബോധം ഇതെല്ലാം ആണ് പ്രഗ്നാനന്ദയുടെ പ്ലസ് പോയിന്റ്. സഹോദരിയുടെ കാര്‍ട്ടൂണ്‍ ഭ്രമം ആണ് പ്രഗ്നാനന്ദയെ ചതുരംഗക്കളത്തിലെ ചാംപ്യനാക്കിയത്. സഹോദരി വൈശാലിയുടെ കാര്‍ട്ടൂണ്‍ ഭ്രമം മാറ്റാന്‍ മാതാപിതാക്കള്‍ ആദ്യം മകളെ ചെസിലേക്ക് തിരിച്ചുവിട്ടു. ചേച്ചി കരുക്കള്‍ നീക്കുന്നത് കണ്ട് അനിയനും മെല്ലെ കരുനീക്കാന്‍ തുടങ്ങി.
ചെന്നൈ സ്വദേശികളായ രമേശ്ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായി 2005 ല്‍ പ്രഗ്നാനന്ദ പിറക്കുമ്പോള്‍ വിശ്വനാഥന്‍ ആനന്ദ് രണ്ടുവട്ടം ഫിഡെ ലോകകപ്പ് നേടിക്കഴിഞ്ഞിരുന്നു. പ്രഗ്നാനന്ദ ജനിച്ച 2005 ലാണ് ലോകകപ്പ് പൂർണമായും നോക്കൗട്ട് ഫോർമാറ്റിലാക്കുന്നത്. ഏഴാം വയസില്‍ ഫിഡെ മാസ്റ്റര്‍ പദവി, പത്താം വയസില്‍ പ്രായം കുറഞ്ഞ ഇന്റര്‍ നാഷനല്‍ മാസ്റ്റര്‍, റഷ്യയുടെ സെര്‍ജി കര്‍ജകിനുശേഷം ഗ്രാന്‍ഡ് മാസ്റ്റര്‍ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരം ഇങ്ങനെ നീളുന്നു പ്രഗ്നാനന്ദ വാരിക്കൂട്ടിയ റെക്കോര്‍ഡുകള്‍. ലോക യൂത്ത് ചെസ് ചാംപ്യന്‍ഷിപ്, ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്. പോളിയോ ബാധിതനായ പിതാവിന് മകനൊപ്പം യാത്രചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ അമ്മയാണ് താരത്തിനൊപ്പം ടൂര്‍ണമെന്റുകളില്‍ അനുഗമിക്കുന്നത്.
His sister's cartoon obsession made him a chess champion; Story of R Praggnanandhaa