
2008 ല്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ് ഒരു ചെറുപ്പക്കാരന്‍ ക്രീസിലെത്തി. വെറും പന്ത്രണ്ട് റണ്‍സ് മാത്രം സ്കോര്‍ ചെയ്ത് മടങ്ങി. അഞ്ചാം ഏകദിനമായപ്പോള്‍ ആദ്യ അര്‍ധ സെഞ്ചറി. ആദ്യ പരമ്പരയില്‍ ആകെ 159 റണ്‍സ് സമ്പാദ്യം. 31.80 ശരാശരി. വിരാട് കോലിയെന്ന യുവരാജാവ് തന്റെ വരവറിയിക്കുകയായിരുന്നു. റെക്കോര്‍ഡുകള്‍ കോലിക്ക് മുന്നില്‍ വഴിമാറി. ആരാധനാപാത്രമായ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡും തിരുത്തി. വര്‍ഷങ്ങള്‍ കഴിയെ എല്ലാ ഫോര്‍മാറ്റുകളിലും താന്‍ മികച്ച താരമാണെന്ന് കോലി തെളിയിച്ചു.
2011 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ആദ്യ ടെസ്റ്റ് മല്‍സരം. തുടക്കത്തില്‍ താളം കണ്ടെത്താന്‍ അല്‍പം കഷ്ടപ്പെട്ടെങ്കിലും പിന്നീടിങ്ങോട്ട് റെഡ് ബോളിലും കോലി ആധിപത്യം ഉറപ്പിച്ചു. 111 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 8,676 റണ്‍സാണ് കോലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ സമ്പാദ്യം. 187 ഇന്നിങ്സുകളില്‍ നിന്നായി 29 സെഞ്ചറി, 29 അര്‍ധ സെഞ്ചറി, 254 എന്ന ഏറ്റവും മികച്ച സ്കോര്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചറികള്‍ നേടിയ ഇന്ത്യക്കാരുടെ പട്ടികയില്‍ നാലാമനാണ് കോലി. റണ്‍ നേട്ടത്തില്‍ അഞ്ചാമനും. ഏഴ് ഇരട്ട സെഞ്ചറികളാണ് താരം അടിച്ചു കൂട്ടിയത്. 68 ടെസ്റ്റ് മല്‍സരങ്ങളില്‍ ടീം ഇന്ത്യയെ നയിച്ചു. അതില്‍ 40 ലും വിജയം കോലിപ്പടയ്ക്കൊപ്പം. 17 തോല്‍വികള്‍, 11 സമനില. ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്കെതിരെ ഉജ്ജ്വല വിജയങ്ങള്‍ നേടാന്‍ ടീമിനെ പ്രാപ്തനാക്കി.
ഏകദിനത്തില്‍ രാജാവാണ് കോലി. 275 ഏകദിനങ്ങളില്‍ നിന്ന് 12,898 റണ്‍സാണ് ആ പേരിലുള്ളത്. അതും 57.32 ശരാശരിയില്‍. 265 ഇന്നിങ്സുകളില്‍ നിന്ന് 46 സെഞ്ചറിയും 65 അര്‍ധ സെഞ്ചറികളും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലേക്ക് അടിച്ചു കയറി. കോലി കോലിയെന്ന് ഓരോ തവണയും ആര്‍പ്പ് വിളിക്കാന്‍, ഗ്യാലറിയെ ഇളക്കി മറിക്കാന്‍ അവ ധാരാളമായിരുന്നു. ഏകദിനത്തില്‍ 183 റണ്‍സാണ് ഇതുവരെ നേടിയ ഉയര്‍ന്ന സ്കോര്‍. സച്ചിന്റെ 18,426 എന്ന റണ്‍മലയ്ക്ക് തൊട്ട് പിന്നിലാണ് ഏകദിനത്തില്‍ കോലിയുടെ സ്ഥാനം. 463 കളികളില്‍ നിന്ന് 49 സെഞ്ചറികളടക്കമായിരുന്നു 18,000ത്തിലേറെ റണ്‍സെന്ന നേട്ടത്തിലേക്ക് സച്ചിന്‍ എത്തിയത്.
റണ്‍മലകള്‍ അതിവേഗത്തിലാണ് കോലി കീഴടക്കിയത് 5000, 6000, 7000 എന്നിങ്ങനെ 12,000ത്തിലേക്ക് അതിവേഗം കുതിച്ച മൂന്നാമത്തെ താരമായി.
ക്യാപ്റ്റനെന്ന നിലയിലും കിങ് കോലിയുടെ കിരീടത്തില്‍ പൊന്‍തൂവലുകളേറെയാണ്. 95 മല്‍സരങ്ങളില്‍ ല്‍ 65 ലും ടീം ഇന്ത്യയെ വിജയിപ്പിച്ചു. 27 തോല്‍വികള്‍, ഒരു സമനില. നായകനായ കാലത്ത് ടീമിന്റെ ജയസാധ്യത 68.42 ശതമാനമായിരുന്നു. 2011 ല്‍ ഐസിസി ലോകകപ്പ് , 2013 ല്‍ ചാംപ്യന്‍സ് ട്രോഫി, 2015 ലും 2019 ലും ലോകകപ്പ് സെമി, 2017 ചാംപ്യന്‍സ് ട്രോഫി ഫൈനല്‍.. കോലിയിലെ നായകന്‍ ടീമിന് എക്കാലവും മികച്ച പ്രചോദമായതിന് കാലം സാക്ഷി.
26 ലോകകപ്പ് മല്‍സരങ്ങള്‍ കോലി ഇതുവരെ കളിച്ചു. 46.81 ശരാശരിയില്‍ 1030 റണ്‍സുകള്‍ നേടി. 107 റണ്‍സാണ് ലോകകപ്പില്‍ നേടിയ ഉയര്‍ന്ന സ്കോര്‍. കളി കുട്ടി ക്രിക്കറ്റിലേക്ക് മാറിയ കാലത്തും കോലിയിലെ പ്രതിഭ മങ്ങിയില്ല. ടി –20 ചരിത്രത്തില്‍ മികച്ച ശരാശരിയാണ് കോലിക്കുള്ളത്. 15 തവണ കളിയിലെ കേമനായി, ഏഴ് തവണ മാന്‍ ഓഫ് ദ് സീരിസും.
ചിലനേരങ്ങളില്‍ ക്ഷുഭിതനായി, മറ്റ് ചിലപ്പോള്‍ ചുറ്റുമുള്ള ലോകത്തെ തന്നെ ഗൗനിക്കാത്തവനായി കോലി ഇന്ത്യയ്ക്കായി കളിച്ചു. വിശ്വാസം എന്ന വാക്ക് കോലിയുടെ ഡിക്ഷണറിയില്‍ ഉറച്ചു പോയ ഒന്നാണെന്ന് ഒരിക്കല്‍ ഇഷാന്ത് ശര്‍മ കുറിച്ചു. രാത്രി മുഴുവന്‍ നീളുന്ന പാര്‍ട്ടിക്ക് ശേഷം പിറ്റേന്ന് 250 റണ്‍സടിച്ച് കൂട്ടിയ കോലി, അസുഖബാധിതനായിട്ടും എട്ട് മണിക്കൂര്‍ ഓസ്ട്രേലിയയ്ക്കെതിരെ ക്രീസില്‍ നിന്ന് സെഞ്ചറി നേടിയ കോലി, ഫോം നഷ്ടപ്പെട്ട് ഉഴറിയ ദീര്‍ഘകാലത്തിന് ശേഷം സെഞ്ചറിയോടെ ഗംഭീരമായി തിരിച്ചു വന്നത്. അങ്ങനെ ആരാധകര്‍ക്ക് പറഞ്ഞിട്ടും മതിയാവാത്ത പേരായി വിരാട് കോലി ഇന്ത്യന്‍ കുപ്പായത്തില്‍ കളി തുടരുകയാണ്.
15 years of Virat Kohli in International cricket