
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് ടാക്കുർ. ഒളിമ്പിക്സ് ലക്ഷ്യമാക്കി കേന്ദ്രസർക്കാർ തയ്യാറാക്കിയ 'ടോപ്സ്' പദ്ധതി ഏറെ ഗുണകരമായെന്നും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിലെ വിജയം ഏഷ്യൻ ഗെയിംസിന് കൂടുതല്‍ ഊർജം പകരുമെന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിനപ്പുറം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വലിയ പ്രതീക്ഷകളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അടുത്തിടെയായി വിവിധ കായിക ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചെന്നൈയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിലെ ഇന്ത്യയുടെ വിജയവും അത്തരത്തിലൊന്നായിരുന്നു.
മോദി സർക്കാരിന് കീഴിൽ കഴിഞ്ഞ 9 വർഷത്തിനിടെ മൂന്നു മടങ്ങ് അധിക തുകയാണ് കായിക മേഖലയ്ക്കായി അനുവദിച്ചത്. ഒളിമ്പിക്സ് ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആവിഷ്കരിച്ച 'ടോപ്സ്' എന്ന ടാർഗറ്റ് ഒളിമ്പിക്സ് പോഡിയും സ്കീം കായിക മേഖലയ്ക്ക് ഏറെ ഗുണകരമാകുകയായിരുന്നു. ഇത്തവണ 600 ന് മുകളിൽ കായികതാരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ടീമായിരിക്കും ഇത്. കുറാഷ് , ജുജിറ്റ്സു അടക്കമുള്ള പാരമ്പര്യ ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും. സെപ്റ്റംബർ 23 മുതൽ ഓഗസ്റ്റ് 8 വരെ ചൈനയിലെ ഹാങ്ഷൗലാണ് ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ നടക്കുക.
Asian Games; India will achieve historic victory says Union Sports Minister