sanjukaneria-09
  • സഞ്ജു നിരാശപ്പെടുത്തുന്നുവെന്ന് താരങ്ങള്‍
  • 'ആവശ്യത്തിന് അവസരങ്ങള്‍ ലഭിച്ചു'
  • 'അവസരം തുലച്ചാല്‍ ജിതേഷ് ശര്‍മ പകരം ഇടം നേടും'

ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിട്ടും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പരുങ്ങുന്ന സഞ്ജു സാംസണെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം ഡാനിഷ് കനേറിയയും മുന്‍ ഇന്ത്യന്‍ ഓപണര്‍ ആകാശ് ചോപ്രയും. അവസരങ്ങള്‍ ലഭിച്ചിട്ടും സ്വന്തം കഴിവ് പുറത്തെടുക്കാന്‍ സഞ്ജുവിന് കഴിയുന്നില്ലെന്നാണ് കനേറിയയുടെ വിമര്‍ശനം. രോഹിതിനെയും കോലിയെയും പുറത്തിരുത്തി ഇന്ത്യ നിങ്ങള്‍ക്ക് അവസരം നല്‍കി. ഇനി എന്നാണ് മികച്ച പ്രകടനം പുറത്തെടുക്കുക? എന്നാണ് റണ്‍സ് അടിച്ചു കൂട്ടുകയെന്നായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ കനേറിയയുടെ വിമര്‍ശനം. സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. സഞ്ജുവിന് അവസരങ്ങള്‍ ലഭിക്കണമെന്നും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കണമെന്നും ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നയാളാണ് താന്‍. പക്ഷേ കിട്ടിയ അവസരങ്ങളില്‍ പലതിലും സഞ്ജു നിരാശപ്പെടുത്തിയെന്നും കനേറിയ കൂട്ടിച്ചേര്‍ത്തു. 

 

വിന്‍ഡീസ് പര്യടനത്തില്‍ മൂന്നാം ഏകദിനത്തില്‍ നേടിയ അര്‍ധ സെഞ്ചറി മാത്രമാണ് സഞ്ജുവിന് പ്രതീക്ഷ നല്‍കുന്നത്. ആദ്യ രണ്ട് ട്വന്റി–20കളിലും അവസരം ലഭിച്ചെങ്കിലും 15 പോലും കടക്കാന്‍ സഞ്ജുവിനായില്ല. മൂന്നാം ടി–20യില്‍ ബാറ്റ് ചെയ്യേണ്ടിയും വന്നില്ല. ഐപിഎല്ലില്‍ മുന്‍നിരയിലിറങ്ങുന്ന സഞ്ജു മികച്ച പ്രകടനമാണ് നടത്തുന്നത്. പക്ഷേ ഇന്ത്യന്‍ ടീമില്‍ വാലറ്റക്കാരനാകുമ്പോള്‍ നിറംമങ്ങുകയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

 

സഞ്ജു അവസരങ്ങള്‍ ഇനിയും കളഞ്ഞുകുളിച്ചാല്‍ മറ്റാരെങ്കിലും ആ സ്ഥാനം ഉറപ്പിക്കുമെന്ന മുന്നറിയിപ്പാണ് മുന്‍ ഇന്ത്യന്‍ ഓപണറായ ആകാശ് ചോപ്ര നല്‍കുന്നത്. സഞ്ജു അവസരം നഷ്ടപ്പെടുത്തുമ്പോള്‍ ജിതേഷ് ശര്‍മയ്ക്ക് ടീമിലേക്കുള്ള വാതിലാണ് തുറക്കുന്നതെന്നായിരുന്നു ചോപ്ര തുറന്നടിച്ചത്.

 

When are you going to score? Danish Kaneria on Sanju