സിം ആഫ്രോ ടി10 ടൂർണമെന്റിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി യൂസഫ് പഠാൻ. മുൻ പാക് പേസർ മുഹമ്മദ് ആമിറിന്റെ ഓരോവറിൽ 25 റൺസ് ആണ് യൂസഫ് പഠാൻ അടിച്ചെടുത്തത്. 26 പന്തിൽ നിന്ന് യൂസഫ് പഠാൻ എടുത്തത് 80 റൺസ്.
അഞ്ച് ഫോറും എട്ട് സിക്സും ഉൾപ്പെട്ടതായിരുന്നു യൂസഫ് പഠാന്റെ ഇന്നിങ്സ്. യൂസഫ് പഠാന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ ഡർബന് എതിരെ ജോഹന്നാസ്ബർഗ് ഒരു പന്ത് ശേഷിക്കെ ആറ് വിക്കറ്റിന്റെ ജയം പിടിച്ചു. ഏഴ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലായിരുന്നു ജോഹന്നാസ്ബർഗ്. ഈ സമയം യൂസഫ് പഠാൻ 12 പന്തിൽ നിന്ന് 19 റൺസ് എന്ന നിലയിലും. മുഹമ്മദ് ആമിർ എറിഞ്ഞ എട്ടാം ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തി യൂസഫ് പഠാൻ കളിയുടെ ഗതി തിരിച്ചു.