ഇന്റർമയാമിയിൽ സുവാരസുമായി ഒന്നിക്കാമെന്ന മെസിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. ഡിസംബർ വരെ എങ്കിലും സുവാരസ് തങ്ങൾക്കൊപ്പം ഉണ്ടാവും എന്ന് ഗ്രെമിയോ കോച്ച് റെനാറ്റോ പോർട്ടലുപ്പി വ്യക്തമാക്കിയതോടെയാണ് മുൻ ബാഴ്സലോണ ടീമംഗങ്ങളായ മെസ്സി, സെർജിയോ ബുസ്ക്വെറ്റ്സ്, ജോർഡി ആൽബ എന്നിവരോടൊപ്പം ചേരാനുള്ള സുവാരസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടത്.
സുവാരസ് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. മാറ്റമുണ്ടാക്കാൻ സാധിക്കുന്ന താരം. ഡിസംബർ വരെ സുവാരസ് ഞങ്ങൾക്കൊപ്പം തുടരും, റെനാറ്റോ വ്യക്തമാക്കി. ഇന്റർമയാമിയിലേക്ക് ചേക്കേറാൻ സുവാരസ് റെനാറ്റോയുടെ അനുവാദം തേടിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇന്റർമയാമിയിലേക്ക് പോകാനായി ഈ ജനുവരി മുതൽ ഗ്രെമിയോയിൽ നിന്ന് ലഭിച്ച പ്രതിഫലം മുഴുവൻ തിരികെ നൽകാം എന്ന് സുവാരസ് പറഞ്ഞതായും വാർത്തകൾ വന്നിരുന്നു. 2024 അവസാനം വരെയാണ് സുവാരസിന് ഗ്രെമിയോയുമായി കരാറുള്ളത്. ഗ്രെമിയോയ്ക്ക് വേണ്ടി 31 മത്സരങ്ങളിൽ നിന്ന് 13 ഗോളാണ് സുവാരസ് ഇതുവരെ സ്കോർ ചെയ്തത്.