ഇന്‍സ്റ്റഗ്രാമിലെ ബയോയില്‍ നിന്ന് ക്രിക്കറ്റര്‍ എന്ന വാക്ക് നീക്കിയതോടെ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ചുറ്റി വിരമിക്കല്‍ അഭ്യൂഹം. വിരമിക്കല്‍ തീരുമാനത്തിലേക്ക് ഭുവി എത്തിയതിന്റെ ഫലമാണ് ഇന്‍സ്റ്റഗ്രാം ബയോയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്നത് മാറ്റിയതിന് പിന്നിലെന്നാണ് ആരാധകരുടെ കമന്റുകള്‍.
ഇന്‍സ്റ്റഗ്രാം ബയോ മാറ്റിയതിനെ തുടര്‍ന്നുണ്ടായ വിരമിക്കല്‍ അഭ്യൂഹങ്ങളോട് ഭുവി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഭുവി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ന്യൂസിലന്‍ഡിന് എതിരായ ട്വന്റി20 മത്സരമായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഹൈദരാബാദിന് വേണ്ടി 14 മത്സരങ്ങളിലും ഭുവി കളിക്കാനിറങ്ങി.
വിരമിക്കാന്‍ ഭുവി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അര്‍ഹമായ വിടവാങ്ങല്‍ മത്സരം നല്‍കണം എന്ന കമന്റുകളാണ് ആരാധകരില്‍ നിന്ന് വരുന്നത്. ഭുവിയുടേതിനേക്കാള് മികച്ച ഇന്‍സ്വിങ്ങര്‍ ഇല്ലെന്നും ആരാധകര്‍ പറയുന്നു. 21 ടെസ്റ്റും 121 ഏകദിനവും 87 ട്വന്റി20യുമാണ് ഭുവി ഇന്ത്യക്കായി കളിച്ചത്.