ചിത്രം: Instagram
ബ്രിട്ടീഷ് റോക്ക് ബാന്‍ഡായ 'കോള്‍ഡ് പ്ലേ'യ്ക്കൊപ്പം വേദി പങ്കിട്ട് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. സൂറിച്ചിലെ സംഗീതപ്രേമികള്‍ക്കാണ് ഫെഡററെ സംഗീതനിശയില്‍ കാണാന്‍ കഴിഞ്ഞത്. ഗായകനായ ക്രിസ് മാര്‍ട്ടിനും ഗിത്താറിസ്റ്റുമാരായ ജോണിക്കും, ബെറിമാനും ഡ്രമ്മറായ വില്‍ ചാംപ്യനുമൊപ്പമാണ് ഫെഡറര്‍ വേദിയിലെത്തിയത്. ക്രിസിന്റെ പാട്ടിനിടയില്‍ ഷെയ്ക്കര്‍ കൊണ്ട് ഫെഡറര്‍ താളം പിടിക്കുന്നതും കാണാം. സംഗീതപ്രേമികള്‍ ആവേശത്തോടെ ആര്‍ത്ത് വിളിക്കുന്നതും വിഡിയോയില്‍ കാണാം. 'പിഴവില്ലാതെയാണ് ഷെയ്ക്കറില്‍ താളം പിടിച്ചതെന്നും നിങ്ങള്‍ക്ക് കഴിയാത്തതായി എന്തെങ്കിലുമുണ്ടോ'യെന്നും വിഡിയോ പങ്കുവച്ച് ബാന്‍ഡ് കുറിച്ചു. 'മ്യൂസിക് ഓഫ് ദ് സ്ഫിയേഴ്സ്' എന്ന ലോകപര്യടന പരിപാടിയുടെ ഭാഗമായി മുന്‍പും സെലിബ്രിറ്റികളെ വേദിയിലെത്തിച്ച് ഞെട്ടിച്ചിട്ടുണ്ട് 'കോള്‍ഡ് പ്ലേ'.
പെര്‍ഫോമന്‍സിന്റെ ചിത്രം താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. കോള്‍ഡ് പ്ലേ 2015 ല്‍ പുറത്തിറക്കിയ സൂപ്പര്‍ഹിറ്റ് മ്യൂസിക് ആല്‍ബമായ ' അഡ്വഞ്ചെര്‍ ഓഫ് എ ലൈഫ് ടൈം' എന്ന പേരിലാണ് ഫെഡറര്‍ ചിത്രം പങ്കുവച്ചത്. താരം പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സംഗീതം ആസ്വദിക്കാനെത്തിയ ആയിരക്കണക്കിന് ആരാധകരെ കാണാം. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരാണ് കോള്‍ഡ് പ്ലേയ്ക്കുള്ളത്. ഞങ്ങളുടെ ശരിക്കുമുള്ള ബാന്‍ഡംഗം എന്നായിരുന്നു ക്രിസ് ഫെഡററെ വിശേഷിപ്പിച്ചത്. അവിസ്മരണീയമായിരുന്നു കോള്‍ഡ് പ്ലേയ്ക്കൊപ്പം ഫെഡറര്‍ വേദിപങ്കിട്ടതെന്ന് പാട്ടുകേള്‍ക്കാനെത്തിയവര്‍ കുറിച്ചു.
Roger Federer sings with Coldplay during concert in Switzerland