messiargentina

TAGS

ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാനുള്ള താത്പര്യം അര്‍ജന്റീന അറിയിച്ചെങ്കിലും പിന്മാറി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍. സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്നാണ് എഐഎഫ്എഫിന്റെ പിന്മാറ്റം. മത്സരം നടത്തുന്നതിനും അര്‍ജന്റീന പോലൊരു ടീമിന് ആതിഥേയത്വം വഹിക്കുന്നതിനുമുള്ള ഉയര്‍ന്ന ചിലവ് കണക്കിലെടുത്താണ് ഇന്ത്യ പിന്മാറിയത്. 

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വലിയ പിന്തുണ കണക്കിലെടുത്താണ് സൗഹൃദ മത്സരത്തിന് വേദിയായി ഏഷ്യന്‍ മണ്ണ് അര്‍ജന്റീന തെരഞ്ഞെടുത്തത്. എന്നാല്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ മുന്‍പില്‍ വെച്ച അവസരം ഇന്ത്യ നിരസിച്ചു. ഇതോടെയാണ് ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരം അര്‍ജന്റീന ബെയ്ജിങ്ങില്‍ കളിച്ചത്. 55,000 കാണികളാണ് മെസി തന്റെ കരിയറിലെ ഏറ്റവും വേഗമേറിയ ഗോള്‍ കുറിച്ച മത്സരം കാണാന്‍ എത്തിയത്. രണ്ടാമത്തെ സൗഹൃദ മത്സരത്തില്‍ ഇന്തോനേഷ്യക്കെതിരെ 2-0ന്റെ ജയത്തിലേക്കും അര്‍ജന്റീന എത്തി.

സൗഹൃദ മത്സരത്തിനായി ആതിഥേയത്വം വഹിക്കണം എന്ന കാര്യം അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നതായി എഐഎഫ്എഫ് സെക്രട്ടറി സ്ഥിരീകരിച്ചു. സൗഹൃദ മത്സരത്തിനായി അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സമീപിച്ചു. എന്നാല്‍ 32 മുതല്‍ 40 കോടി രൂപ വരെയാണ് ഒരു മത്സരം കളിക്കുന്നതിന് അര്‍ജന്റീന ആവശ്യപ്പെടുന്നത്. ഇത്രയും വലിയ തുക സമാഹരിക്കുക സാധ്യമായിരുന്നില്ല എന്ന് എഐഎഫ്എഫ് സെക്രട്ടറി വ്യക്തമാക്കി.