എംഎല്‍എസ് ക്ലബ് ഇന്റര്‍ മയാമിയിലേക്ക് എത്തുന്ന മെസിയുടെ ആദ്യ മത്സരത്തില്‍ ആഴ്സണല്‍ എതിരാളികളായേക്കും. പ്രീസീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍ ആഴ്സണലിന് എതിരെ എംഎല്‍എസ് ഓള്‍ സ്റ്റാര്‍സ് ഇലവന്‍ പോരിനിറങ്ങും. ഇതിലൂടെയാവും എംഎല്‍എസിലെ മെസിയുടെ ആദ്യ കളി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജൂലൈ 20നാണ് എംഎല്‍എസ് ഓള്‍ സ്റ്റാര്‍സും ആഴ്സണലും ഏറ്റുമുട്ടുന്ന സൗഹൃദ മത്സരം. എംഎല്‍എസ് പോയിന്റ് പട്ടികയില്‍ നിലവില്‍ താഴെയാണ് ഡേവിഡ് ബെക്കാമിന്റെ സംഘമായ ഇന്റര്‍ മയാമിയുടെ സ്ഥാനം. മെസിയെ കേന്ദ്രീകരിച്ച് ടീം സജ്ജമാക്കുകയാവും ടീമിന്റെ ഇനിയുള്ള തന്ത്രം. ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തില്‍ 79 സെക്കന്റില്‍ വല കുലുക്കി റെക്കോര്‍ഡ് ഇട്ട മെസി ഇപ്പോള്‍ അവധി ആഘോഷത്തിലാണ്. 

അടുത്ത ആഴ്ച ഇന്തോനേഷ്യക്കെതിരെ അര്‍ജന്റീന ഇറങ്ങുന്നുണ്ടെങ്കിലും മെസി കളിക്കില്ല. പ്രീസീസണ്‍ ടൂറിന്റെ ഭാഗമായി ആഴ്സണല്‍ അമേരിക്കയിലേക്ക് എത്തുന്നുണ്ട്. ഇവിടെ ആഴ്സണലിനെ നേരിടാന്‍ പോകുന്ന എംഎല്‍എസ് ഓള്‍ സ്റ്റാര്‍സ് ഇലവനെ പരിശീലിപ്പിക്കുക മുന്‍ ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണിയാണ്. ആഴ്സണലിന് എതിരായ സൗഹൃദ മത്സരം കളിക്കേണ്ടതില്ലെന്ന് മെസി തീരുമാനിച്ചാല്‍ ജൂലൈ 21ന് മെക്സിക്കന്‍ ക്ലബ് ക്രൂസ് ഏയ്സളിന് എതിരെ ആയേക്കും താരത്തിന്റെ ആദ്യ മത്സരം.