ഹൈദരാബാദിനെ 34 റണ്‍സിന് തോല്‍പിച്ച് നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലേയ്ക്ക്. 189 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമാണ് നേടാനായത്. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന് ജയമൊരുക്കിയത്. 56 പന്തില്‍ നിന്നാണ് ഗില്ലിന്റെ സെഞ്ചുറി നേട്ടം. ഗുജറാത്തിനായി ഷമി നാലുവിക്കറ്റ് നേടിയപ്പോള്‍ ഹൈദരാബാദ് താരം ഭുവനേശ്വര്‍ കുമാര്‍ അഞ്ചുവിക്കറ്റ് വീഴ്ത്തി. ഹൈദരാബാദ് പ്ലെ ഓഫ് കാണാതെ പുറത്തായി.
കൂറ്റൻ ലക്ഷ്യമായതിനാൽ തന്നെ ആക്രമിച്ച് കളിക്കുകയെന്ന തീരുമാനവുമായിട്ടാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളത്തിൽ ഇറങ്ങിയത്. അതിവേഗം സ്കോർ ബോർഡ് ചലിപ്പിക്കാനുള്ള ശ്രമം അൻമോൽപ്രീത് സിങ്, അഭിഷേക് ശർമ്മ, എയ്ഡന്‍ മാര്‍ക്രം, രാഹുൽ ത്രിപാഠി, സൻവീർ സിങ്, അബ്ദുൽ സമദ്, മാര്‍ക്കോ ജാന്‍സെന്‍ എന്നിവരെ അതിവേഗം കൂടാരം കയറ്റി. ഹൈദരാബാദ് നിരയിൽ അർധ സെഞ്ചറി നേടിയ ഹെൻറിച്ച് ക്ലാസനാണ് ബാറ്റ് കൊണ്ട് ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചത് . 44പന്തിൽ 63 റൺസാണ് ക്ലാസൻ സ്വന്തമാക്കിയത്. 26 പന്തിൽ 27 റൺസ് നേടിയ ഭുവനേശ്വര്‍ കുമാറും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവച്ചത്. എട്ടാം വിക്കറ്റിൽ ക്ലാസനും ഭുവിയും ചേർന്ന് 68 റണ്‍സാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. മയാങ്ക് മാർക്കണ്ഡെ 9 പന്തിൽ 18, ഫസൽഹഖ് ഫാറൂഖി അഞ്ച് പന്തിൽ ഒന്ന് എന്നിവർ പുറത്താക്കാതെ നിന്നു.
ഗുജറാത്തിനായി മുഹമ്മദ് ഷമിയും മോഹിത്ത് ശർമ്മയും നാലു വീതവും യഷ് ദയാൽ ഒരു വിക്കറ്റും സ്വന്തമാക്കി. ശുഭ്മാൻ ഗില്ലിന്‍റെ സെഞ്ചറി മികവിലാണ് ടൈറ്റൻസ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റണ്‍സാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ അനായാസേന 200 കടക്കുമെന്ന തോന്നിപ്പിച്ച ഗുജറാത്തിന് തുടർച്ചയായി അവസാന ഓവറുകളിൽ വിക്കറ്റ് വീണതാണ് വിനയായത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ അക്കൗണ്ട് തുറക്കാൻ പോലും സാധിക്കാതെ വൃദ്ധിമാൻ സാഹ മടങ്ങി. ഭുവനേശ്വര്‍ കുമാറാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ആദ്യ വിക്കറ്റ് നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ സായി സുദർശൻ ശുഭ്മാൻ ഗില്ലന്‍റെ കൂടെ സ്കോർ ബോർഡ് ചലിപ്പിച്ചു.
ഇരുവരും തലങ്ങും വിലങ്ങും അടി തുടങ്ങിയതോടെ ഹൈദരാബാദിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. 58 പന്തിൽ 101 റൺസാണ് ശുഭ്മാൻ ഗിൽ നേടിയത്. ഒരു സിക്സും 13 ഫോറും സഹിതമായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. സായി സുദർശൻ ഒരു സിക്സും ആറു ഫോറും സഹിതം 36 പന്തിൽ 47 റൺസ് നേടി. ഗില്ലുമായി ചേർന്ന് 147 റൺസിന്‍റെ കൂറ്റൻ കൂട്ടുകെട്ടാണ് സായി സുദർശൻ ഗുജറാത്തിനായി സമ്മാനിച്ചത്. മാര്‍ക്കോ ജാന്‍സെന്‍റെ പന്തിൽ ടി.നടരാജന്റെ ക്യാച്ചിലാണ് സായി സുദർശൻ ഔട്ടായത്. പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ ആറു പന്തിൽ എട്ട് റൺസിന് പുറത്തായി. ഡേവിന് മില്ലറിനും കാര്യമായി ഒന്നും ചെയ്യാനായില്ല. കേവലം ഏഴ് റൺസ് സ്കോർ ബോർഡിൽ ചേർത്ത് മില്ലർ വന്ന പോലെ പവലിയനിലേക്ക് മടങ്ങി. രാഹുൽ തെവാട്ടിയമൂന്ന് പന്തിൽ മൂന്ന് റൺസാണ് നേടിയത്. റാഷിദ് ഖാൻ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. റൺസിന് ഓടി നൂർ അഹമ്മദും അതിവേഗം ക്രീസ് വിട്ടു. അടുത്ത പന്ത് ഉയർത്തി അടിച്ച ഷമിക്ക് പിഴച്ചു. മാര്‍ക്കോ ജാന്‍സെന്‍റെ കൈളിൽ ഷമിയുടെ ബാറ്റിങ് അവസാനിച്ചു. ഏഴ് പന്തിൽ ഒൻപത് റൺസ് നേടിയ ദസൂൻ സനകയും റൺസ് ഒന്നും നേടാത്ത മോഹിത് ശർമ്മയും പുറത്താകാതെ നിന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ അഞ്ചും മാര്‍ക്കോ ജാന്‍സെന്‍, ടി.നടരാജൻ, ഫസൽഹഖ് ഫാറൂഖി എന്നിവർ ഒന്നും വീതം വിക്കറ്റ് സ്വന്തമാക്കി.
Gujarat titans beats sunrisers hyderabad