ട്വന്റി20 വനിതാ ലോകകപ്പിനിടെ ഗ്രൗണ്ടിലെ പിഴവിന്റെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ അഞ്ച് റൺസ് പെനൽറ്റി വിധിച്ച് അംപയർ. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണു സംഭവം. ഫീൽഡിങ്ങിനിടെ പന്തു പിടിക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ വിക്കറ്റ് കീപ്പറുടെ ദേഹത്തു തട്ടി പന്ത് താഴെക്കിടന്ന ഗ്ലൗവിലേക്കു വീണതാണു നടപടിക്കു കാരണം. ഇതു നിയമവിരുദ്ധമായി കണക്കാക്കി അംപയർ ഇംഗ്ലണ്ടിന് അഞ്ച് റൺസ് അനുവദിക്കുകയായിരുന്നു.

 

ഇംഗ്ലണ്ട് ബാറ്റിങ്ങിൽ 15–ാം ഓവറിലായിരുന്നു സംഭവം. പിറകിലേക്കു പോയ പന്ത് ഫീൽഡർ ഓടിയെടുത്ത് എറിയുന്നതിനിടെ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ സിദ്ര നവാസ് ഒരു ഗ്ലൗ ഊരിയെടുത്ത് ഗ്രൗണ്ടിൽ ഇട്ടിരുന്നു. ഫീൽഡറിൽനിന്നു പന്തു വാങ്ങിയെങ്കിലും പിടിച്ചെടുക്കാനാകാതെ, ദേഹത്തു തട്ടിയ ശേഷം പന്ത് ഗ്രൗണ്ടിൽ കിടന്ന ഗ്ലൗവിന്റെ മുകളിലേക്കു വീണതാണു നടപടിക്കു കാരണം.

 

വിക്കറ്റ് കീപ്പറുടെ ഹെൽമറ്റ്, ഗ്ലൗ തുടങ്ങിയ വസ്തുക്കൾ ഗ്രൗണ്ടിൽ വച്ചിട്ടുണ്ടെങ്കിൽ അതിനു മുകളിൽ പന്തു പതിച്ചാൽ അംപയർക്ക് പെനൽറ്റി റൺസ് വിധിക്കാൻ അധികാരം ഉണ്ട്. ഗ്രൗണ്ടിലെ അംപയർമാർ ഏതാനും സമയം ചർച്ച നടത്തിയ ശേഷമാണ് പാക്കിസ്ഥാനെതിരെ നടപടിയെടുത്തത്. സംഭവത്തിന്റെ വിഡിയോ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ സമൂഹമാധ്യത്തിൽ പങ്കുവച്ചിട്ടുണ്ട്.

 

മത്സരത്തിൽ വമ്പൻ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണു നേടിയത്. ഇംഗ്ലണ്ടിനായി നാറ്റ് ഷീവർ (40 പന്തിൽ 81), ഡാനി വിയറ്റ് (33 പന്തിൽ 59) എന്നിവർ അർധ സെഞ്ചറി നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുക്കാനേ പാക്കിസ്ഥാനു സാധിച്ചുള്ളൂ. ഇംഗ്ലണ്ടിന് 114 റൺസ് വിജയം.

 

Pakistan Gift 5 Penalty Runs To England