ഐസിസി റാങ്കിങ്ങില്‍ പുതു ചരിത്രം കുറിച്ച് ഇന്ത്യ. ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാമത് എത്തിയതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനം എന്ന ചരിത്ര നേട്ടത്തിലാണ് ഇന്ത്യ എത്തിയത്. ഇത് ആദ്യമായാണ് ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്ത് വരുന്നത്.
ഐസിസി റാങ്കിങ്ങില്‍ മൂന്ന് ഫോര്‍മാറ്റിലും ഒരേ സമയം ഒന്നാം സ്ഥാനത്ത് എത്തിയ രണ്ടാമത്തെ മാത്രം രാജ്യവുമാണ് ഇന്ത്യ. 2014ല്‍ സൗത്ത് ആഫ്രിക്കയാണ് ഈ നേട്ടത്തിലേക്ക് ആദ്യം എത്തിയത്. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍–ഗാവസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ നാഗ്പൂരില്‍ ജയിച്ചതിന് പിന്നാലെയാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചത്.
ജനുവരിയില്‍ ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെയാണ് ഇന്ത്യ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ചത്. 2022ല്‍ വിന്‍ഡിസിനെ 3-0ന് വീഴ്ത്തിയതോടെയാണ് ട്വന്‍റി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചത്. ട്വന്‍റി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായിട്ടും ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്ട്രേലിയയാണ് രണ്ടാമത്. 111 പോയിന്റുള്ള ഓസ്ട്രേലിയക്ക് പിന്നില്‍ 106 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാമത് നില്‍ക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കരുത്ത് കാണിച്ച് നില്‍ക്കുകയായിരുന്നെങ്കിലും 2022ല്‍ ഇന്ത്യ റെഡ് ബോളില്‍ പിന്നോട്ട് പോയിരുന്നു. സൗത്ത് ആഫ്രിക്കയില്‍ 1-0ന് ലീഡ് എടുത്തിട്ടും പരമ്പര തോറ്റു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച ടെസ്റ്റ് ബിര്‍മിങ്ഹാമില്‍ നടത്തിയപ്പോഴും ഇന്ത്യ തോല്‍വിയിലേക്ക് വീണു.
India became number one ranked team in three formats