ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനം എന്ന ചരിത്ര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇങ്ങനെയൊരു നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മാത്രം രാജ്യവുമായി ഇന്ത്യ. എന്നാല്‍ ആ നേട്ടത്തില്‍ ഇന്ത്യക്ക് തുടരാനായത് ഏതാനും മണിക്കൂറുകള്‍ മാത്രം. ഐസിസിക്ക് പിണഞ്ഞ അബദ്ധത്തിലൂടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇന്ത്യന്‍ സമയം ഏഴ് മണിയോടടുത്തപ്പോള്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്ട്രേലിയ തന്നെയായി ഒന്നാമത്.
നിലവിലെ ഐസിസി ടെസ്റ്റ് റാങ്കിങ് പ്രകാരം ഓസ്ട്രേലിയയാണ് ഒന്നാമത്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഓസ്ട്രേലിയക്ക് 126 പോയിന്റും ഇന്ത്യക്ക് 115 പോയിന്റും. എന്നാല്‍ ഓസ്ട്രേലിയ ഒന്നാമത് എത്തിയതിന് ശേഷവും പോയിന്റ് അപ്ഡേറ്റ് ചെയ്യുന്നതില്‍ ഐസിസിക്ക് വീണ്ടും പിഴച്ചു. ഇന്ത്യയോട് 132 റണ്‍സ് തോല്‍വി വഴങ്ങിയതോടെ നാല് പോയിന്റ് നഷ്ടപ്പെട്ട് 122 പോയിന്റാണ് ഓസ്ട്രേലിയക്ക് വരിക. എന്നാല്‍ പുതിയ അപ്ഡേറ്റില്‍ 126 പോയിന്റാണ് ഐസിസി നല്‍കിയത്.
ഇന്ത്യക്ക് ഓസ്ട്രേലിയയെ വീഴ്ത്തിയതിലൂടെ 5 പോയിന്റ് ലഭിക്കുമ്പോള്‍ ഇന്ത്യയുടെ പോയിന്റ് 120ലേക്കും എത്തേണ്ടിയിരുന്നു. ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യ ജയം പിടിച്ചാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിക്കാന്‍ ഇന്ത്യക്കാവും. ട്വന്റി20, ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര തൂത്തുവാരിയതോടെയാണ് ഇന്ത്യ ഏകദിനത്തില്‍ ഒന്നാം സ്ഥാനം പിടിച്ചത്. വിന്‍ഡിസിനെതിരെ 2022ല്‍ ട്വന്‍റി20 പരമ്പര ജയിച്ചതോടെയാണ് ട്വന്‍റി20യിലും ഇന്ത്യ ഒന്നാം റാങ്കിലേക്ക് എത്തിയത്.
ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത് എത്തി മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനം പിടിച്ചതോടെ രോഹിത്തിനും കൂട്ടര്‍ക്കും നേരെ അഭിനന്ദനങ്ങള്‍ ഒഴുകി. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉള്‍പ്പെടെയുള്ളവര്‍ കയ്യടിയുമായി എത്തി. എന്നാല്‍ ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാവാതെ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത് ആഘോഷിക്കുന്നത് വിമര്‍ശിച്ചും പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു.
Australia came back to number one spot in icc test ranking