318862217_688318809681052_8464552081807200971_n

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഗ്രൂപ് സ്റ്റേജില്‍ ഇനി 45 മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ട്. രണ്ടെണ്ണമൊഴികെ എല്ലാ ടീമുകളും 12 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. ഈ ഘട്ടത്തില്‍ എന്താണ് ടീമുകളുടെ അവസ്ഥ? കൂടുതല്‍ ഗോളടിച്ച കളിക്കാരന്‍ ആരാണ്? കളിയുടെ ഓരോ മേഖലയിലും ഏറ്റവും മികവ് പുലര്‍ത്തിയ താരങ്ങള്‍ ആരൊക്കെയാണ്? ഇതൊക്കെ അറിയേണ്ടേ?

 

ആദ്യം ക്ലബുകളുടെ കാര്യം തന്നെ നോക്കാം. 12 മല്‍സരം കഴിഞ്ഞിട്ടും ഒന്നുപോലും തോല്‍ക്കാത്ത മുംബൈ തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ഒന്നാമതെന്ന് പറഞ്ഞാല്‍ പോര, ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമും ഏറ്റവും കൂടുതല്‍ നല്ല പാസുകള്‍ നല്‍കിയ ടീമും മുംബൈ സിറ്റി എഫ്സിയാണ്. 12 കളികളില്‍ 36 ഗോളടിച്ച മുംബൈ താരങ്ങള്‍ നല്‍കിയ ഗുഡ് പാസുകളുടെ എണ്ണം നൂറും ഇരുനൂറുമൊന്നുമല്ല 4820. പോയന്റ് നിലയില്‍ രണ്ടാമതുള്ള ഹൈദരാബാദും മൂന്നാമതുള്ള നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്സും ഗോളുകളുടെ എണ്ണത്തിലും ഇതേ സ്ഥാനങ്ങളിലാണ്. ഹൈദരാബാദ് എഫ്സി 24 ഗോളടിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് അടിച്ചുകൂട്ടിയത് 22 എണ്ണം. ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍, അതായത് കൂടുതല്‍ കളികളില്‍ ഗോള്‍ വഴങ്ങാതിരുന്നത് ഹൈദരാബാദാണ്. ഏഴ് കളികളില്‍ ഹൈദരാബാദിന്റെ എതിരാളികള്‍ക്ക് ഗോള്‍ അടിക്കാനായില്ല. എ‌.ടി.കെ മോഹന്‍ ബഗാന് അഞ്ചും മുംബൈ, ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ ടീമുകള്‍ക്ക് നാല് വീതവും ക്ലീന്‍ ഷീറ്റുകള്‍ ഉണ്ട്.

 

ഇനി കൂടുതല്‍ ഗോളടിച്ച താരങ്ങളുടെ പട്ടിക നോക്കാം. ഗോള്‍ഡന്‍ ബൂട്ടിനുവേണ്ടിയുള്ള മല്‍സരത്തില്‍ മുന്നില്‍ ചെന്നൈയിന്‍ എഫ്സിയുടെ ഡച്ച് മിഡ്ഫീല്‍ഡര്‍ അബ്ദെനാസര്‍ എല്‍ ഖയാത്തിയാണ്. ഏഴ് ഗോളടിച്ച താരം നാല് അസിസ്റ്റുകളും നല്‍കി. 50 ശതമാനമാണ് ഗോള്‍ കണ്‍വേര്‍ഷന്‍ റേറ്റ്. വെറും 337 മിനിറ്റ് മാത്രമാണ് ഖയാത്തി മൈതാനത്തിറങ്ങിയത്. മുംബൈ സിറ്റിയുടെ ലാലിയൻസ്വാല ചാങ്തെ ഏഴ് ഗോളും രണ്ട് അസിസ്റ്റുമായി രണ്ടാമതുണ്ട്. ഈസ്റ്റ് ബംഗാളിന്റെ ബ്രസീലിയന്‍ ഫോര്‍വേഡ് ക്ലീറ്റണ്‍ സില്‍വയും ഏഴ് ഗോള്‍ നേടി. അസിസ്റ്റുകളില്ല. ചെന്നൈയിന്‍ എഫ്സിയുടെ ക്രൊയേഷ്യന്‍ ഫോര്‍വേഡ് പെറ്റാർ സ്‌ലിസ്കോവിച്ച്, മുംബൈ സിറ്റിയുടെ ഹോർഹെ പെരേര ഡയസ് എന്നിവര്‍ക്ക് ആറുഗോള്‍ വീതമുണ്ട്. പോയന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോളി മിര്‍ഷാദ് മിച്ചുവാണ് ഈ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തിയ ഗോള്‍കീപ്പര്‍. 7 മല്‍സരങ്ങളില്‍ 38 സേവുകളാണ് മിച്ചുവിന്റെ പേരിലുള്ളത്. എന്നാല്‍ 17 ഗോളുകള്‍ വഴങ്ങിയതിനാല്‍ ഗോള്‍ഡന്‍ ഗ്ലൗ പട്ടികയില്‍ മിച്ചുവിന്റെ പേര് എട്ടാംസ്ഥാനത്താണ്.

 

എ.ടി.കെ മോഹന്‍ ബഗാന്റെ വിശാല്‍ കൈത്താണ് ലീഗില്‍ ഇതുവരെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. 12 കളികളില്‍ 5 ക്ലീന്‍ ഷീറ്റുകളും 31 സേവുകളും. ഏറ്റവും കുറച്ച് ഗോളുകള്‍ വഴങ്ങിയതും വിശാല്‍കൈത്താണ്. പന്ത്രണ്ട്. മുംബൈ സിറ്റിയുടെ ഫുര്‍ബ ലാച്ചെന്‍പയ 12 കളികളില്‍ 29 സേവുകളും നാല് ക്ലീന്‍ഷീറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ പ്രഭ്സുഖന്‍ ഗില്‍ 25 സേവുകളും നാല് ക്ലീന്‍ ഷീറ്റുകളുമായി പട്ടികയില്‍ മൂന്നാമതാണ്. മൂവരും 1080 മിനിറ്റ് വീതം കളിക്കളത്തിലുണ്ടായിരുന്നു. ഷോട്സ് ഓണ്‍ ടാര്‍ഗറ്റിന്റെ കാര്യത്തില്‍ മുംബൈ സിറ്റിയുടെ ഇംഗ്ലീഷ് താരം ഗ്രെഗ് സ്റ്റുവര്‍ട്ട് ആണ് മുന്നില്‍. 24 തവണയാണ് സ്റ്റുവര്‍ട്ട് എതിര്‍ഗോള്‍ വലയിലേക്ക് പന്ത് പായിച്ചത്. മുംബൈയുടെ തന്നെ ബിപിന്‍ സിങ് തൊട്ടുപിന്നിലുണ്ട്.

 

ഇന്റര്‍സെപ്ഷനുകളുടെ കാര്യത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ മാര്‍ക്കോ ലെസ്കോവിച്ചാണ് മികച്ചുനില്‍ക്കുന്നത്. വിജയകരമായ 24 ഇന്റര്‍സെപ്ഷനുകളാണ് ക്രൊയേഷ്യന്‍ താരം നടത്തിയത്. 15 ടാക്കിളുകള്‍, 44 ക്ലിയറന്‍സുകള്‍, 18 ബ്ലോക്കുകള്‍. പ്രതിരോധത്തില്‍ ലെസ്കോവിച്ചിന്റെ മികവ് ഈ കണക്കുകള്‍ പറയും. 12 കളികളില്‍ 1080 മിനിറ്റ് മൈതാനത്തുണ്ടായിരുന്ന താരം ഒരു ഗോളും നേടി. ഇനി നടക്കാനിരിക്കുന്ന 45 കളികളില്‍ ഈ കണക്കുകളെല്ലാം മാറുന്ന മിന്നുംപ്രകടനങ്ങളുണ്ടാകട്ടെ. നമുക്കെല്ലാം ആവേശമായി ബ്ലാസ്റ്റേഴ്സും മുന്നോട്ടുപോകട്ടെ. പുതിയ കണക്കുകളുമായി വൈകാതെ വീണ്ടുമെത്താം.

 

Who are the best performers in ISL 2022-23 till now?