ഖത്തർ ലോകകപ്പിൽ റഫറിക്കെതിരെ കയർത്ത യുറുഗ്വായ് താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി ഫിഫ. എഡിസൺ കവാനി, ഫെർണാണ്ടോ മുസ്‌ലേര, ജോർ മരിയ ഗിമിനിസ്, ഡീഗോ ഗോഡിൻ എന്നീ താരങ്ങൾക്കെതിരെയാണ് നടപടിയുണ്ടാവുക. ഗ്രൂപ്പ് ഘട്ടത്തിൽ ഘാനക്കെതിരായ മത്സരത്തിൽ പെനാൽറ്റി അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു താരങ്ങളുടെ അതിരുവിട്ട പെരുമാറ്റം. ഘാനക്കെതിരെ വിജയിക്കാനായെങ്കിലും ഗോൾ വ്യത്യാസത്തിൽ ടീം ക്വാർട്ടർ കാണാതെ പുറത്തു പോയിരുന്നു.
ഫിഫ അച്ചടക്ക നിയമങ്ങളിൽ 11, 12 നിയമങ്ങൾ താരങ്ങൾ ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. 10 മുതൽ 15 വരെ മത്സരങ്ങളിൽ താരങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. മത്സരത്തിൽ തങ്ങൾക്കനുകൂലമായി ലഭിക്കേണ്ടിയിരുന്ന രണ്ട് പെനാൽറ്റി അനുവദിച്ചില്ലെന്നാരോപിച്ച് താരങ്ങൾ രൂക്ഷമായാണ് റഫറിക്കെതിരെ കയർത്തിയിരുന്നത്.