Coman-Tchouam-ni-france

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഫ്രാന്‍സ് താരങ്ങള്‍ നേരിട്ട വംശീയാധിക്ഷേപത്തെയും വിദ്വേഷത്തെയും അപലപിക്കുന്നതായി ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍. സോഷ്യല്‍ മീഡിയയിലടക്കം താരങ്ങള്‍ക്കെതിരെ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

 

ഞായറാഴ്ച നടന്ന ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ടിരുന്നു. പെനാല്‍റ്റിയില്‍ രണ്ട് ഷോട്ടുകള്‍ പാഴാക്കിയ കിങ്സിലി കോമനും ഒൗറേലിയന്‍ ചൗമേനിക്കും നേരെയാണ് കടുത്ത വംശീയ അധിക്ഷേപം ഉയര്‍ന്നത്. ഇരുവരുടെയും കിക്കുകള്‍ പാഴായതോടെ 4–2 ന് അര്‍ജന്റീനക്ക് ജയിക്കാനും കിരീടം സ്വന്തമാക്കാനും സാധിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത ആക്ഷേപത്തിനാ‌ണ് ഇരുവരും ഇരയായത്.

 

വ്യാപകമായി വംശീയാക്രമണത്തിന് ഇരയായതിനെ തുടര്‍ന്ന് ഇരുവരും ഇന്‍സ്റ്റഗ്രാമിലെ കമന്റ് ബോക്സ് സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി ഫെഡറേഷന്‍ രംഗത്തെത്തിയത്.