മൂന്നാം സ്ഥാനത്തിനായുള്ള മല്‍സരത്തിനിറങ്ങുമ്പോള്‍ മൊറോക്കോയ്ക്ക് നിര്‍ണായകമാകുക ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവിന്റെ പ്രകടനം. ആറുമല്‍സരങ്ങളില്‍ മൂന്നുഗോളുകള്‍ മാത്രമാണ് ബോനു ലോകകപ്പില്‍ വഴങ്ങിയത്.

എവിടെയായിരുന്നു ഇത്രയും നാള്‍...? ചോദ്യം മൊറോക്കോ ഗോളി യാസീന്‍ ബോനുവിനോടാണെങ്കില്‍ ഒന്നുറപ്പ് ചിരിച്ചുകൊണ്ടാകും ഉത്തരം...  ഇതേ ചിരിയോടെയാണ് ബോനു ലോകകപ്പില്‍ എതിരാളികളെ തകര്‍ത്തത്. ചിരിച്ചുകൊണ്ട് വലയ്ക്ക് മുന്നിലുള്ള നില്‍പ് കണ്ട് ആള് സിംപിളാണെന്ന് കരുതേണ്ട.... സംശയമുണ്ടെങ്കില്‍ സ്പെയിനോട് ചോദിച്ചാല്‍ മതിയാകും. ടിക്കി ടാക്കയുടെ കരുത്തുമായെത്തിയ സ്പെയിന്‍ ഷൂട്ടൗട്ടില്‍ വീണത് ബോനുവിന് മുമ്പിലാണ്. 

സ്പെയിന്റെ താരങ്ങളുടെ സേവുകളൊക്കെ മനപാഠമാക്കിയ പോലെയായിരുന്നു ബോനുവിന്റെ പ്രകടനം. തൊട്ടുപിന്നാലെ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലും ബോനുവിന് മുന്നില്‍ വീണു.

ക്വാര്‍ട്ടര്‍ വരെ മൊറോക്കോയുടെ വല കുലുക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞിരുന്നില്ല.ആകെ  വഴങ്ങിയത് ഒരു ഗോള്‍ മാത്രം അതാവട്ടെ സെല്‍ഫ് ഗോളും. ഖത്തര്‍ ലോകകപ്പിലെ ഗോളിമാരുടെ പ്രകടനത്തില്‍ മുന്‍പന്തിയിലാണ് 31 കാരനായ ബോണോയുടെ സ്ഥാനം. ലാലിഗയില്‍ സെവിയ്യയുടെ താരമാണ് ബോനു. ലോകകപ്പിന് ശേഷം ക്ലബ് ഫുട്ബോളിലും ബോനുവിന് മൂല്യമേറുമെന്ന് പ്രതീക്ഷിക്കാം.