club-football

2025ൽ നടക്കുന്ന ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിൽ 32 ടീമുകൾ മത്സരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഓരോ നാല് വർഷവും കൂടുമ്പോൾ വിപുലമായ രീതിയിൽ ക്ലബ്ബ് ലോകകപ്പ് നടത്താനാണ് ഫിഫയുടെ തീരുമാനം.

ലയണല്‍ മെസിയും കിലിയാന്‍ എംബാപ്പെയും നേര്‍ക്കുന്നേര്‍ പന്തുതട്ടുന്ന കാഴ്ചക്കാണ് നാളെ ലുസൈല്‍ സ്റ്റേഡിയം വേദിയാവുക. എന്നാല്‍ ഇഷ്ട താരങ്ങള്‍ ലോകകപ്പിന് വേണ്ടി ഒരുമിച്ച് പന്തുതട്ടാനിറങ്ങുന്ന കാലമാണ് ഇനി വരാന്‍ പോകുന്നതെന്ന പൃഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്  ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ലോകകപ്പ് മാതൃകയില്‍ ക്ലബ് ഫുട്ബോള്‍ ലോകകപ്പ് നടത്താനാ‌ണ് ഫിഫയുടെ തീരുമാനം. 

നിലവില്‍ ഏഴ് ടീമുകള്‍ പങ്കെടുക്കുന്ന സ്ഥാനത്ത് 2025 മുതല്‍ 32 ടീമുകളാവും  പങ്കെടുക്കുക. ഇതോടെ ക്ലബ് ഫുട്ബോള്‍ രംഗത്തെ വമ്പന്‍മാരായ യൂറോപ്യന്‍ ടീമുകള്‍ക്ക് നേര്‍ക്കുനേര്‍ പോരാടനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നത്.  ലാറ്റിനമേരിക്കന്‍ ക്ലബുകളും, ആഫ്രിക്കന്‍ ക്ലബുകളും കപ്പിനുവേണ്ടി കളത്തിലിറങ്ങുന്നതോടെ പോരാട്ടം കടുക്കുമെന്നുറപ്പ്.   

വനിതാ ക്ലബ് ലോകകപ്പ് നടത്താനും  പദ്ധതി തയ്യാറാക്കുന്നുണ്ട്, ഫുട്ബോൾ ഗവേണിംഗ് ബോഡിയാവും  വനിതാ ഫുട്സൽ ലോകകപ്പ് നടത്തുക  .അണ്ടർ 17 ലോകകപ്പുകളും വാർഷിക ഫോർമാറ്റിലേക്ക് മാറ്റാനാണ് ഫിഫയുടെ തീരുമാനം. 2022 നും 2026 നും ഇടയില്‍ ഫിഫ 11 ബില്യൺ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു.