ഖത്തര്‍ ലോകകപ്പ് സെമി ഫൈനലില്‍ മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ഫൈനല്‍ പ്രവേശനം നേടിയതിന് പിന്നാലെ മൊറോക്കോ സൂപ്പര്‍ താരം അച്റഫ് ഹാക്കിമിയെ പ്രശംസിച്ച് ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെ. സമൂഹ മാധ്യമത്തിലൂടെയാണ് ഹാക്കിമിയെ പ്രശംസിച്ച് എംബാപ്പെ രംഗത്ത് വന്നത്. ‘വിഷമിക്കരുത്, നിങ്ങള്‍ ചെയ്തതില്‍ എല്ലാവരും അഭിമാനിക്കുന്നുണ്ട്. നീ ചരിത്രമാണ് തീര്‍ത്തത്...’ ഹാക്കിമിയെ ഹസ്തദാനം ചെയ്തുള്ള ഫോട്ടോ പങ്ക് വച്ച് എംബാപ്പെ കുറിച്ചു. എംബാപ്പയോടുള്ള സ്നേഹം അറിയിച്ച് പോസ്റ്റിന് താഴെ കമന്റുമായി ഹാക്കിമിയും രംഗത്തെത്തി.
ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജെര്മനിലെ സഹതാരങ്ങളാണ് അച്റഫ് ഹാക്കിമിയും കിലിയന്‍ എംബാപ്പെയും. 2021 ല്‍ ക്ലബിലെത്തിയ ഹാക്കിമിയും എംബാപ്പെയും തമ്മില്‍ മികച്ച സൗഹൃത്തിലാണ്. ഇരുവരും നേരിട്ട് ഏറ്റുമുട്ടുന്ന മത്സരം എന്ന നിലക്ക് മൊറോക്കോ ഫ്രാന്‍സ് സെമി ഫൈനല്‍ പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് മൊറോക്കോയെ തകര്‍ത്തത്. സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന മൊറോക്കോയുടെ നേട്ടത്തിന് പിന്നില്‍ ഹാക്കിമിയുടെ സ്വാധീനം ശക്തമായിരുന്നു.