മുൻനിര ഇറ്റാലിയൻ ക്ലബ് എസി മിലാന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ അക്കാദമിക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഇന്ന് വൈകുന്നേരം 5നാണ് ഉദ്ഘാടനം. കേരളത്തിൽ എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മിലാൻ അക്കാദമിയുള്ളത്
സാധ്യതകളുടെ ലോകത്തേക്കുള്ള വാതിൽ തുറന്നാണ് ഇറ്റാലിയൻ സീരി എയിലെ വമ്പന്മാരായ എ.സി മിലാൻ കേരളത്തിലേക്കെത്തുന്നത്. പ്രൊഫഷണൽ ഫുട്ബോൾ ലോകത്തേക്ക് കുട്ടികളെ കൈപ്പിടിച്ചുനടത്തുകയാണ് മിലാൻ അക്കാദമിയുടെ ലക്ഷ്യം. ക്ലബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പരിശീലനവും വിശകലനവും അടക്കമുള്ള കാര്യങ്ങൾ. ഫുട്ബോളിനൊപ്പം തന്നെ വ്യക്തിത്വ വികാസത്തിനും പ്രാധാന്യം നൽകിയാണ് പരിശീലനം നൽകുക. കുട്ടികൾ വളർന്നു വരുമ്പോൾ നല്ല കളിക്കാരും വ്യക്തികളുമായി വളരണം എന്നാണ് എസി മിലാന്റെ ആഗ്രഹമെന്ന് ക്ലബ് അംബാസഡറും, മുൻ ഇറ്റാലിയൻ താരവുമായ ക്രിസ്റ്റ്യൻ പനൂച്ചി പറഞ്ഞു.
ലോകത്താകെ മുപ്പതോളം മിലാൻ അക്കാദമികൾ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. കേരളത്തിൽ 10 അക്കാദമികൾ ആണ് ക്ലബ് ലക്ഷ്യമിടുന്നത്. നിലവിൽ 9 സെന്ററുകളാണ് തയ്യാറായിട്ടുളളത്. 5 മുതൽ 18 വയസുവരെയുള്ളവർക്കാണ് പരിശീലനം നൽകുക. ഇന്ന് വൈകീട്ട് 5 ന് മഹാരാജാസ് കോളജ് മൈതാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇറ്റാലിയൻ ഡെപ്യൂട്ടി കോൺസുലേറ്റ് ജനറൽ ലൂയിജി കാസ്കോൺ, കായികമന്ത്രി വി.അബ്ദുറഹ്മാൻ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയൻ എന്നിവർ പങ്കെടുക്കും