
ഞായറാഴ്ച മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിന് പാക്കിസ്ഥാനാണ് എതിരാളികള്‍. അദ്ഭുതവും അവിശ്വസനീയുമാണ് പാക്കിസ്ഥാന്റെ ഫൈനല്‍ പ്രവേശനം. ബാബര്‍ അസമിന്റെ ടീം നടത്തിയത് ട്വന്റി 20 ലോകകപ്പിലെ എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിലൊന്ന്.
വിമര്‍ശകരേ ഇത് നിങ്ങള്‍ക്കുള്ള മറുപടിയാണ്..ആരാധകരേ ഇത് നിങ്ങള്‍ക്കുള്ള സമ്മാനമാണ്... സെമിയിലെ തകര്‍പ്പന്‍ ജയത്തിന് ശേഷം ടീമംഗങ്ങള്‍ സിഡ്നി ഗ്രൗണ്ട് വലം വച്ചപ്പോള്‍ പറഞ്ഞതിങ്ങനെയാകാം. ആദ്യ രണ്ട് മല്‍സരങ്ങള്‍ തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്കെന്ന നിലയില്‍ നിന്നൊരു ടീം. ഇപ്പോഴിതാ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലുള്ള ന്യൂസീലന്‍ഡിനെ തോല്പിച്ച് ഫൈനലിലേക്കെത്തി നിൽക്കുന്നു. എന്തൊരു ടീമാണിത്.. അതിഗംഭീര ടീം സ്പിരിറ്റും പോരാട്ടവീര്യവും കൊണ്ടേ ഇത്തരമൊരു തിരിച്ചു വരവ് സാധ്യമാകൂ.
ആദ്യ മല്‍സരത്തില്‍ ഇന്ത്യയോട് തോറ്റൊരു തുടക്കം. ടീമിന്റെ ആത്മവിശ്വാസത്തേ ബാധിച്ച ആ തോല്‍വിയില്‍ നിന്ന് പുറത്തുവരാന്‍ പാക്കിസ്ഥാന് സമയമെടുത്തു. തൊട്ടപിന്നാലെ സിംബാവേയ്ക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി. ഏതാണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകലിന്റെ വക്കില്‍ നില്‍ക്കുമ്പോഴും ടീമിന് ആത്മനവിശ്വാസമുണ്ടായിരുന്നു. തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് അന്ന് പാക്കിസ്ഥാന് ക്യാപ്റ്റന്‍ പങ്കുവച്ചത്. എല്ലാ വിമര്‍ശനങ്ങളെയും കാറ്റില്‍ പറത്തി നെതര്‍ലന്‍ഡിനെ തകര്‍ത്തുതരിപ്പണമാക്കി പാക്കിസ്ഥാന് ടൂര്‍ണമെന്റില്‍ ജയിച്ചു തുടങ്ങി.
സെമിഫൈനല്‍ വിദൂരസാധ്യതയായിട്ടും ടീം ഒന്നിച്ച് പോരാടി. ദക്ഷിണാഫ്രിക്കയെയും തോല്പിച്ച് പാക്കിസ്ഥാന് അനിവാര്യമായ പുറത്താകലിനായി കാത്തുനിന്നു. പക്ഷേ അവിടെ ട്വിസ്റ്റ്. വിജയം എപ്പോഴും ധീരന്മാര്ക്കൊപ്പമെന്ന് പറയും പോലെ തിരിച്ചുവരവിലെ പാക്കിസ്ഥാനെ കണ്ട് വിധി പോലും വിറച്ചുപോയി. നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെ ബംഗ്ലദേശിനെ തോല്പിച്ച് പാക്കിസ്ഥാന് സെമിയിലേക്ക്. സെമിയിലാകട്ടെ അതുവരെ പഴി കേട്ട ഓപ്പണിങ് സഖ്യം ക്ലിക്കായി. നോക്കൗട്ടിലെ പാക്കിസ്ഥാനെ ഭയക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയത് മെന്റര്‍ മാത്യു ഹെയ്ഡനാണ്. ഹെയ്ഡന്റെ വാക്കുകള്‍ ശരിവക്കുന്നൊരു പ്രകടനാണ് ഇന്ന് ടീം നടത്തിയത്. ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും ടീം കരുത്തുകാട്ടി. സെമിയിലെത്തുക ഇന്ത്യയോ ഇംഗ്ലണ്ടോ ആകട്ടെ... പക്ഷേ ഈ പാക്കിസ്ഥാനെ, വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും അതിജീവിച്ച പാക്കിസ്ഥാനെ ഭയക്കണം...
Pakistan'S Journey At T20 World Cup 2022 Final