സെമിയുറപ്പിക്കാന്‍ ടീം ഇന്ത്യ ഇന്ന് ഇറങ്ങും. ബംഗ്ലദേശാണ് എതിരാളികള്‍. പരുക്കേറ്റ ദിനേശ് കാര്‍ത്തിക്കിന് പകരം ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മല്‍സരം.

ആദ്യ രണ്ട് മല്‍സരങ്ങളും ജയിച്ച് കിരീടപ്രതീക്ഷകളിലേക്ക് കുതിക്കുന്നിതിനിടെ ടീം ഇന്ത്യയ്ക്ക് കിട്ടിയ ഒന്നാന്തരം അടിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വി. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ ടീമിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നിട്ടും ബോളിങ് കരുത്ത് കൊണ്ട് മല്‍സരം അവസാന ഓവറിലേക്ക് നീട്ടിയിരുന്നു ടീം ഇന്ത്യ. ഇന്ന് ബംഗ്ലദേശിനെതിരെയിറങ്ങുമ്പോള്‍ വലിയ ജയത്തില്‍ കുറഞ്ഞൊന്നും ടീം പ്രതീക്ഷിക്കുന്നുണ്ടാവില്ല. 

ഓപ്പണിങ്ങില്‍ മികച്ച തുടക്കം കിട്ടാത്തതാണ് ടീം ഇന്ത്യയ്ക്ക് വലിയ തിരിച്ചടി. എങ്കിലും ഓപ്പണിങ്ങില്‍ മാറ്റത്തിന് സാധ്യതയില്ലെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറയുന്നത്. അങ്ങനെയെങ്കില്‍ രാഹുലിന് റണ്‍സ് കണ്ടെത്താനുള്ള മികച്ച അവസരമാണിത്. ടസ്കിന്‍ അഹമ്മദൊഴികെ മറ്റ് ബോളര്‍മാരൊല്ലം ഫോമിലല്ലാത്തതാണ് ബംഗ്ലദേശിന് തിരിച്ചടി. ഈ തിരിച്ചടി രാഹുലുള്‍പ്പട്ടെ ഇന്ത്യന്‍ സഖ്യത്തിന് ഗുണമാകുമെന്നാണ് പ്രതീക്ഷ. പരുക്കേറ്റ ദിനേഷ് കാര്‍ത്തിക്കിന് പകരം ഋഷഭ് പന്ത് ടീമിലേക്കെത്തും. മോശം ഫോം തുടരുന്ന കാര്‍ത്തിക്കിനെ ഒഴിവാക്കണമെന്ന ക്രിക്കറ്റ് വിദഗ്ധരടക്കം ആവശ്യപ്പെട്ടിരുന്നു. ബോളിങ്ങില്‍ ഇന്ത്യയ്ക്ക് കാര്യമായ പ്രശ്നങ്ങളില്ല. 

വിക്കറ്റെടുത്ത് അര്‍ഷ്ദീപും റണ്‍സ് വിട്ടുകൊടുക്കാതെ ഭുവനേശ്വറും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. സ്പിന്നറായി അശ്വിനെ തന്നെ നിലനിര്‍ത്തുമോ എന്നതില്‍ സര്‍പ്രൈസുണ്ട്. കാരണം നാലു ഇടംകയ്യന്‍ ബാറ്റര്‍മാരാണ് ബംഗ്ലദേശിനുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ മില്ലറുടെ കരുത്തറിഞ്ഞ അശ്വിന് പകരം അക്സറെ ഉള്‍പ്പെടുത്താനും സാധ്യയുണ്ട്. അഡ്‍ലെയ്ഡില്‍ ടോസ് നേടി ബോളിങ്ങ് തിരഞ്ഞെടുക്കാനാകും ടീമുകള്‍ക്ക് താല്‍പര്യം. ബംഗ്ലദേശിനാകട്ടെ കാര്യങ്ങള്‍ അത്ര പന്തിയല്ല. ബാറ്റിങ്ങില്‍ ഓപ്പണര്‍ ഷാന്റോ മാത്രമാണ് ടൂര്‍ണമെന്റില്‍  നൂറിലേറെ റണ്‍സ് നേടിയത്.  സിംബാവേയ്ക്കെതിരെ മൂന്ന് റണ്‍സിനും നെതര്‍ലന്‍ഡ്സിനെതിരെ 9 റണ്‍സിനുമായിരുന്നു ബംഗ്ലദേശ് ജയിച്ചത്. ഈ കരുത്ത് പോരാതെ വരും ടീം ഇന്ത്യയെ പിടിച്ചുകെട്ടാന്‍