വിവാദ പുറത്താക്കൽ രീതിയായ മങ്കാദിങ്ങിന്റെ പേരിൽ ഏറെ പഴി കേട്ട താരമാണ് ആർ. അശ്വിൻ. ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സ് താരമായ ജോസ് ബട്‍ലറെ പഞ്ചാബ് കിങ്സ് താരമായിരുന്ന അശ്വിൻ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ മങ്കാദിങ്ങിലൂടെ പുറത്തക്കിയത് വലിയ വിവാദമായിരുന്നു. അന്ന് പല രീതിയിൽ പല താരങ്ങളും അശ്വിന്റെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ചിരിന്നു. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേരാത്ത പ്രവർത്തി എന്ന നിലയിൽ സാമൂഹിക മാധ്യമങ്ങളിലും അശ്വിൻ വിമർശിക്കപ്പെട്ടു. എന്നാൽ ഐസിസിയുടെ നിയമത്തിനു പുറത്തുള്ളതൊന്നും താൻ ചെയ്തിട്ടില്ല എന്ന നിലപടിൽ അശ്വിൻ ഉറച്ച് നിൽക്കുകയും ചെയ്തു. അടുത്തിടെ ഇത്തരം പുറത്താക്കലുകളെ റൺഔട്ടായി പരിഗണിച്ച് ഐസിസി തന്നെ പിന്തുണച്ചു. 

ഇപ്പോഴിതാ ട്വന്റി20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ബാറ്റർ ‍ഡേവിഡ് മില്ലറെ നോൺ സ്‍ട്രൈക്കേഴ്സ് എൻഡിൽനിന്ന് റൺ ഔട്ടാക്കാൻ അവസരം കിട്ടിയിട്ടും അത് ഉപയോഗിക്കാതെ അശ്വിന്‍ വാർത്തകളിൽ നിറയുകയാണ്. പന്തെറിയും മുൻപേ ക്രീസിനു വെളിയിലേക്ക് ഇറങ്ങിയ മില്ലറെ നോക്കിയ അശ്വിൻ തിരിച്ചു നടക്കുക മാത്രമാണു ചെയ്തത്. അശ്വിൻ എറിഞ്ഞ 18–ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. സംഭവത്തിന്റെ വിഡ‍ിയോ ദൃശ്യങ്ങൾ ഐസിസി തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. 

'മങ്കാദിങ്' രീതിയിൽ മില്ലറെ പുറത്താക്കാൻ അവസരം ലഭിച്ചിട്ടും മുന്നറിയിപ്പ് രീതിയിൽ തിരിഞ്ഞു നടന്ന അശ്വിന് ഇത്തവണ നിറഞ്ഞ കയ്യടിയാണ് സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകർ നൽകുന്നത്. ബൗളർ നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ ബാറ്ററെ ബൗളിങ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് റണ്‍ഔട്ടാക്കുന്ന രീതിയാണ് മങ്കാദിങ് എന്ന പേരില്‍ അറിയപ്പെടുന്നത്. ബൗളർ പന്തെറിയാന്‍ തയ്യാറായി ഓടി ക്രീസ് ലൈനിലെത്തി പന്ത് എറിയുന്നതിനു മുൻപ് നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ ബാറ്റര്‍ ക്രീസ് വിട്ടിറങ്ങയിാല്‍ ബൗളർക്ക് ആ ബാറ്ററെ റണ്ണൌട്ടാക്കാം.  ഇത്തരത്തില്‍ റണ്ണൌട്ട് ശ്രമങ്ങള്‍ നടത്തുന്ന ബൗളറെ അത് മാന്യതക്ക് ചേര്‍ന്നതല്ല എന്ന കാരണം പറഞ്ഞ് വിമര്‍ശിക്കുക പതിവാണ്. 

ക്രിക്കറ്റ്‌ ലോകത്തിന്‌ മങ്കാദിങ്‌ പരിചയപ്പെടുത്തിയത്‌ ഇന്ത്യക്കാരനാണ്‌. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളർമാരിലൊരാളായ വിനൂ മങ്കാദാണ്‌ ഈ അവസാനാത്തെ അടവ്‌ ആദ്യമായി പ്രയോഗിച്ചത്‌. 1974ൽ ഓസ്‌ട്രേലിയയുടെ ബിൽ ബൗണിനെ വിനൂ ഇത്തരത്തിൽ പുറത്താക്കിയത്‌. ഓസ്‌ട്രേലയിൻ മാധ്യമങ്ങൾ ഇതോടെ ഈ രീതിക്ക്‌ മങ്കാദിങ്‌ എന്ന്‌ പേരുമിട്ടു.

ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റു വിജയമാണു സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 133 റൺസ്. മറുപടി ബാറ്റിങ്ങിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിൽ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി.

Ravichandran Ashwin Avoids Running Out David Miller At Non-Striker's End In T20 World Cup Game