icc

ഐസിസി പുരുഷ ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പര്‍ 12 മല്‍സരങ്ങള്‍ക്ക് നാളെ ഓസ്ട്രേലിയയില്‍ തുടക്കമാകും. ആതിഥേയരായ ഓസിസും ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ന്യൂസിലന്‍ടുമടക്കം ആദ്യ ദിനം കളിത്തിലിറങ്ങും. ടൂര്‍ണമെന്റിന്റെ രണ്ടാം ദിനമാണ് ഇന്ത്യ– പാക്കിസ്ഥാന്‍ ഹൈ വോള്‍ട്ടേജ് മല്‍സരം. ടീം വാര്‍ത്തകള്‍ അന്വേഷിക്കുന്നതിനൊപ്പം ആരാധകര്‍ ഓസ്ട്രേലിയയിലെ കാലവസ്ഥയെ പറ്റിയും ആകുലപ്പെടുന്നുണ്ട്

ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് ഐസിസി പുരുഷ ട്വന്റി ട്വന്റി ലോകകപ്പിലെ വെടിക്കെട്ട് മല്‍സരം. ലോകകപ്പ് അടുക്കുമ്പോള്‍ പ്ലയിങ് ഇലവനും താരങ്ങളുടെ പരുക്കുമൊക്കെ ശ്രദ്ധയോടെ നോക്കാറുണ്ട് ആരാധകര്‍ എന്നാല്‍ ഇക്കുറി എല്ലാവരും ഉറ്റു നോക്കുന്നത് ഓസ്ട്രേലിയയിലെ കാലവസ്ഥയിലേക്കാണ്. ആദ്യ മല്‍സരം നടക്കുന്ന ഓസിസിലെ വിഖ്യാതമായ എം.സി.ജി എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അപ്പോള്‍ തന്നെ എം.സി.ജി വെതര്‍ എന്ന് ഗൂഗിള്‍ നമുക്ക് നിര്‍ദേശം തരും. അത്രത്തോളം കാലവസ്ഥയെ പറ്റി ആരാധകര്‍ ആശങ്കപ്പെടുന്നുണ്ടെന്ന് ചുരുക്കം. പക്ഷേ സെര്‍ച്ച് ചെയ്ത വിവരങ്ങള്‍ കണ്ടാല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒട്ടും ആശ്വസിക്കാന്‍ വകയില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30ന് ആരംഭിക്കുന്ന മല്‍സരത്തിന് 10 മില്ലീമീറ്ററിലേറെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. 

മഴ നടന്ന് മല്‍സരം മുടങ്ങിയാല്‍ ടീമുകള്‍ പോയിന്റ് പങ്കിടും. സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് മാത്രമാണ് ടൂര്‍ണമെന്റില്‍ റിസവര്‍വ് ദിനമുള്ളത്.  കിവീസിനെതിരായ രണ്ടാം സന്നാഹ മല്‍സരവും ഇന്ത്യയ്ക്ക് മഴ മൂലം  നഷ്ടമായിരുന്നു. മല്‍സരത്തില്‍ ടോസ് പോലും ഇടാനായില്ല. ലോകകപ്പ് വൈരികളായ കിവീസിനെതിരായ മല്‍സരം നഷ്ടമായത് ടീം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ആതിഥേയരായ ഓസിസിന്റെ ആദ്യ മല്‍സരത്തിനും മഴ ഭീഷണിയുണ്ട്. അതായത് മഴ മാറി മാനം തെളിഞ്ഞാല്‍ മാത്രമേ ട്വന്റി ട്വന്റി മല്‍സരങ്ങള്‍ കാണാന്‍ പറ്റുമെന്ന് ചുരുക്കം.