Aurelien

ഓരോ ലോകകപ്പ് ഫുട്ബോളിലും താരോദയങ്ങള്‍ പതിവാണ്. ഖത്തറിലും ഉദിച്ചുയരാനായി ഒരുപിടിതാരങ്ങള്‍ എത്തുന്നുണ്ട്. കഴിഞ്ഞ തവണത്തെ താരമായ കിലിയന്‍ എംബാപെയുടെ നാട്ടില്‍ നിന്നെത്തുന്ന ഫ്രാന്‍സിന്റെ മധ്യനിരതാരം ഒറേലിയാന്‍ ച്യുവമേനിയാണ് ശ്രദ്ധാകേന്ദ്രമാകുന്ന ഒരു താരം. പോഗ്ബയ്ക്ക് പകരക്കാരന്‍ എന്നാണ് ഫുട്ബോള്‍ ആരാധകരുടെ വിശേഷണം.

മധ്യനിരപ്പോരാളികളുടെ കൂട്ടത്തില്‍ ഫ്രാന്‍സിന്റെ പുതിയകണ്ടെത്താലണ് ഒറേലിയാന്‍ ച്യുവമേനി. ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും കളം നിറയും. എന്നാല്‍ താന്‍ പോള്‍ പോഗ്ബയ്ക്ക് പകരക്കാരനല്ലെന്ന് ച്യുവമേനി വ്യക്തമാക്കുന്നു. പോഗ്ബ വലിയതാരമാണ്, അദ്ദേഹത്തിന്റെ കളി രീതി സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ കളത്തില്‍ തതായ ശൈലി അവതരിപ്പിക്കാനാണ് ഇഷ്ടമെന്നും താരം പറയുന്നു. 

ആറടി രണ്ടിഞ്ചുകാരനായ ഒറേലി ച്യുവമേനി വായുവിലൂടെ എത്തുന്ന പന്തുകള്‍ കൈവശമാക്കാനും എതിരാളിയില്‍ നിന്ന് പന്ത് തട്ടിയെടുക്കാനും കേമനാണ്. പാസുകള്‍ നല്‍കുന്നതിലും സാങ്കേതികത്തികവിലും മികവുകാണിക്കുന്ന താരത്തിന് എടുത്തുപറയത്തക്ക ദൗര്‍ബല്യങ്ങളില്ല. 22കാരനായ ച്യുവമേനി 2021ല്‍ ഫ്രാന്‍സിനായി അരങ്ങേറി. 14മല്‍സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ നേടി. മൊണാക്കോയില്‍ നിന്ന് ഈവര്‍ഷം റയല്‍ മഡ്രിഡിലെത്തി. റയലിനായി ഇതിനകം ആറുമല്‍സരങ്ങള്‍ കളിച്ചു. റിവേഴ്സ് പാസ് നല്‍കുന്നതിലും പ്രത്യാക്രമണത്തിന് പാസ് നല്‍കുന്നതിലും മിടുക്കനായ ച്യുവമേനിയെ കീഴടക്കുക എളുപ്പമല്ല. പ്രതിരോധകോട്ടകെട്ടാന്‍ ഇഷ്ടപ്പെടുന്ന ച്യുവമേനിയെ മറികടക്കുന്ന സ്ട്രൈക്കര്‍മാര്‍ക്ക് പണിപ്പെടേണ്ടിവരും.