
അഹമ്മദാബാദില്‍ നടക്കുന്ന ദേശീയ ഗെയിംസിന് ബദല്‍ ടീമിനെ അയക്കാനുള്ള വോളിബോള്‍ അസോസിയേഷന്‍ നീക്കത്തിനെതിരെ സ്പോര്‍ട്സ് കൗണ്‍സില്‍. അംഗീകാരമില്ലാത്ത അസോസിയേഷന്‍, ടീം പ്രഖ്യാപിച്ച നടപടി ശരിയല്ലെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മനോരമ ന്യൂസിനോട് പറഞ്ഞു. ഗെയിംസിനുള്ള പുരുഷ, വനിതാ ടീമുകളുടെ സെലക്ഷന്‍ ട്രയല്‍സ് കൊച്ചിയില്‍ നടന്നു.
കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിലെ സുവര്‍ണ നേട്ടം നിലനിര്‍ത്താന്‍ വനിതാ വോളിബോള്‍ ടീം, വെള്ളിയിലൊതുങ്ങിയ മെഡല്‍നേട്ടം സുവര്‍ണമാക്കാന്‍ പുരുഷ ടീം ഇതാണ് സ്പോര്‍ട്സ് കൗണ്‍സില്‍ ലക്ഷ്യം. അമ്പലമുകളില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സിലൂടെ ക്യാംപിലേക്കുള്ള പതിനെട്ടുപേരെ വീതം തിരഞ്ഞെടുത്തു. ജെറോം വിനീത്, മുത്തുസ്വാമി, ജി.എസ്.അഗിന്‍, ഷോണ്‍ ബി.ജോണ്‍, അനു ജെയിംസ് അടക്കമുള്ള രാജ്യാന്തര താരങ്ങളും ട്രയല്‍സിനെത്തി. പത്താം തീയതി തുടങ്ങുന്ന ക്യാംപില്‍നിന്ന് പന്ത്രണ്ടുപേരുടെവീതം ടീമിനെ തിരഞ്ഞെടുക്കും. നാല്‍പത്തിയഞ്ചു ദിവസത്തെ ക്യാംപാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം പ്രൈം വോളിബോള്‍ ലീഗില്‍ പങ്കെടുത്തവരെയെല്ലാം ഒഴിവാക്കി കഴിഞ്ഞ ദിവസം വോളിബോള്‍ അസോസിയേഷന്‍ ടീം പ്രഖ്യാപിച്ചത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. അംഗീകാരം നഷ്ടപ്പെട്ട് നിയമനടപടി നേരിടുന്ന അസോസിയേഷന്‍റെ നീക്കത്തിനെതിരെ സ്പോര്‍ട്സ് കൗണ്‍സില്‍ രംഗത്തെത്തി.
കായിക താരങ്ങളുടെ ഭാവി ഇല്ലാതാക്കുന്ന നടപടിയാണ് വോളിബോള്‍ അസോസിയേഷന്‍ നടത്തുന്നതെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ ആരോപിച്ചു.