ആദ്യം അടിച്ചുപറത്തി. പിന്നീട് എറിഞ്ഞൊതുക്കി. അഞ്ചാമത്തെയും അവസാനത്തെയും രാജ്യാന്തര ട്വന്റി20യിൽ 88 റൺസിന്റെ ഉജ്വല ജയത്തോടെ ഇന്ത്യ വെസ്റ്റിൻഡീസ് പര്യടനം അടക്കി വാണു. അർധ സെഞ്ചറി നേടിയ ശ്രേയസ് അയ്യരുടെയും (40 പന്തിൽ 64) 10 വിക്കറ്റുകൾ പങ്കിട്ട 3 സ്പിന്നർമാരുടെയും മികവിൽ വിജയിച്ച ഇന്ത്യ പരമ്പര 4–1ന് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചയിച്ച 189 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്റെ ഇന്നിങ്സ് 100 റൺസിന് അവസാനിച്ചു.
സ്കോർ: ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റിന് 188, വെസ്റ്റിൻഡീസ് 15.4 ഓവറിൽ 100ന് പുറത്ത്. 3 ഓവറിൽ 15 റൺ വഴങ്ങി വിൻഡീസിന്റെ ആദ്യ 3 വിക്കറ്റെടുത്ത അക്ഷർ പട്ടേലാണ് പ്ലെയർ ഓഫ് ദ് മാച്ച്. പ്ലെയർ ഓഫ് ദ് സീരിസ്– അർഷ്ദീപ് സിങ്.
അക്ഷറിനും 4 വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിക്കും 3 വിക്കറ്റ് നേടിയ കുൽദീപ് യാദവിനും മുന്നിൽ മുട്ടുമടക്കിയ വിൻഡീസ് നിരയിൽ ഷിമ്രോൺ ഹെറ്റ്മെയർ(35 പന്തിൽ 56) മാത്രമാണ് തിളങ്ങിയത്. മൂന്നു ബാറ്റർമാർ പൂജ്യത്തിനു പുറത്താവുകയും ചെയ്തു.
ക്യാപ്റ്റൻ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഭുവനേശ്വർ കുമാർ എന്നിവർക്കു വിശ്രമം അനുവദിച്ച ഇന്ത്യയെ ഹാർദിക് പാണ്ഡ്യയാണ് നയിച്ചത്. ഇഷാൻ കിഷനൊപ്പം(13 പന്തിൽ 11) ഓപ്പണറായി ഇറങ്ങിയ ശ്രേയസ് 40 പന്തിൽ 64 റൺസ് അടിച്ചെടുത്തു. 38 റൺസെടുത്ത ദീപക് ഹൂഡയും 28 റൺസ് നേടിയ ഹാർദിക്കും ഇന്ത്യൻ ഇന്നിങ്സിനു കരുത്തു പകർന്നു.