ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമല്‍സരം വൈകിട്ട് ഏഴിനാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുക. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പിച്ചതിന്റെ ആവശവുമായാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തിയ രോഹിതും, ബൂംറയും പന്തും പാണ്ഡ്യയുമടക്കം ടോപ് ഗണ്ണുകള്‍ക്ക് വിശ്രമം നല്‍കിയ ടീം ഇന്ത്യയുടെ യുവനരയാണ് വിന്‍ഡീസില്‍ കരുത്തുകാട്ടാനൊരുങ്ങുന്നത്.
ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ പ്ലയിങ് ഇലവിനിലേക്ക് ആരൊക്കെ എത്തുമെന്നതിലാണ് ആകാംഷ. ട്വന്റി ട്വന്റി ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ യുവതാരങ്ങള്‍ കഴിവ് തെളിയിക്കാനൊരു അളസരമാണ് വിന്‍ഡീസ് പര്യടനം. ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം ആര് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും എന്നതിലടക്കം സസ്പെന്‍സ് തുടരുകയാണ്. ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മൻ ഗിൽ എന്നീ മൂന്ന് ഓപ്പണർമാര്‍ ടീം ഇന്ത്യയ്ക്കൊപ്പമുണ്ട്. വിക്കറ്റ് കീപ്പറായി കിഷാന്‍ ടീമിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അങ്ങനെയെങ്കില്‍ കിഷാന്‍ ധവാനൊപ്പം ഒപ്പണ്‍ ചെയ്യുകയും ഗില്‍ മൂന്നാം നമ്പറിലെത്തുകയും ചെയ്യും. മറ്റ് സ്ഥാനങ്ങള്‍ക്കായി സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവര്‍ തമ്മിലാകും മല്‍സരം. പാണ്ഡ്യയുടെ അഭാവത്തില്‍ രവീന്ദ്ര ജഡേജയും ഷാര്‍ദുല്‍ ഠാക്കൂറുമാകും ബോളിങ് ഓള്‍റൗണ്ടര്‍.
മുഹമ്മദ് സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയോ ആവേശ് ഖാനോ ബോളിങ് ഓപ്പണ്‍ ചെയ്തേക്കാം. ഫോമിലുള്ള സ്പിന്നര്‍ ചഹല്‍ ടീമില്‍ തുടര്‍ന്നേക്കും. മറുവശത്ത് വിന്‍ഡീസാകട്ടെ ബംഗ്ലദേശിനെതിരെ മൂന്നമല്‍സരങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്നത്. ഏഖദിന മല്‍സരങ്ങളില്‍ 50 ഓവര്‍ ബാറ്റുചെയ്യാന്‍ പോലുമാകാതെ കഷ്ടപ്പെടുകയാണ് വിന്‍ഡീസ് ടീം. 2019 ലോകകപ്പിന് ശേഷം കളിച്ച 39 മല്‍സരങ്ങളില്‍ ആറുതവണ മാത്രമാണ് ടീം 50 ഓവര്‍ പിടിച്ചുനിന്നത്. ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ തിരികെയെത്തുന്നത് ടീമിന് ആശ്വാസമാകും. നിക്കോളാണ് പുരാനാണ് ടീം ക്യാപ്റ്റന്‍.