ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി സ്പാനിഷ് ക്ലബ് ബാര്‍സിലോനയിലേക്ക്. താരത്തിന്‍റെ കൈമാറ്റം സംബന്ധിച്ച് ബാര്‍സിലോനയും ബയേണ്‍ മ്യൂനിക്കും തമ്മില്‍ ധാരണയിലെത്തി. 45മില്യന്‍ യൂറോയ്ക്കാണ് ലെവന്‍ഡോസ്കിയെ ന്യൂകാംപിലേക്ക് എത്തിക്കുന്നത്.
മൂന്നുവര്‍ഷത്തേക്കാണ് പോളിഷ് സ്ട്രൈക്കറുമായി ബാര്‍സ കരാര്‍ ഒപ്പിടുന്നത്. വൈദ്യപരിശോധനയും കരാര്‍ ഒപ്പിടലും മാത്രമാണ് ബാക്കിയുള്ളത്. 45മില്യന്‍ യൂറോയ്ക്ക് പുറമേ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുമില്യണ്‍ യൂറോ കൂടി നല്‍കുന്ന വിധത്തിലാണ് കരാര്‍. ബയേണ്‍ മ്യൂനിക്കില്‍ അടുത്തവര്‍ഷംവരെ കരാര്‍ ഉണ്ടായിരുന്നെങ്കിലും 33കാരനായ ലെവന്‍ഡോസ്കി തന്നെയാണ് ജര്‍മന്‍ ക്ലബ്ബ് വിടുന്നതില്‍ ഉറച്ചുനിന്നത്. ബുന്ദസ് ലീഗില്‍ ചെയ്യാനുള്ളതെല്ലാം ചെയ്തെന്നും ഇനി പുതിയ തട്ടകത്തിലേക്ക് മാറണമെന്നുമായിരുന്നു താരം പറഞ്ഞത്. ഇതിന്റെ ഭാഗമായി ബയേണിന്റെ പ്രീ സീസണ്‍ ക്യാംപില്‍ നിന്ന് വിട്ടുനിന്നു. 2014ല്‍ ബയേണിലെത്തിയ ലെവന്‍ഡോസ്കി 253മല്‍സരത്തില്‍ നിന്ന് 238ഗോളുകള്‍ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മൈതാനത്തെ അതിവേഗക്കാരനായ സ്ട്രൈക്കറെ വിട്ടുകൊടുക്കുമ്പോള്‍ വമ്പന്‍ തുക കിട്ടണമെന്ന് ബയേണ്‍ നിലപാടെടുത്തു. അതിനാല്‍ ബാര്‍സയ്ക്ക് നാലുവട്ടം കരാര്‍ തുക പുതുക്കി നല്‍കേണ്ടിവന്നു. അലിയന്‍സ് അരീനയില്‍ നിന്ന് ലെവന്‍ഡോസ്കി ന്യൂ കാംപിലേക്ക് എത്തുമ്പോള്‍ സ്പാനിഷ് ലീഗിന് അത് ഉണര്‍വാകും.