ഓസീസ്– ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന്റെ 2–ാം ദിവസത്തെ കളി കനത്ത മഴയും പ്രതികുല കാലവസ്ഥയും കാരണം മുടങ്ങി. മോശം കാലാവസ്ഥ കാരണം രാവിലെ മുതൽ തന്നെ വിക്കറ്റും ഔട്ട്ഫീൽഡും മൂടിയിട്ടിരിക്കുകയായിരുന്നു. മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റ് സ്റ്റേഡിയത്തിനും കനത്ത നാശം വിതച്ചു.
മനോഹരമായ ലങ്കൻ കടലോരത്താണു ഓസീസ്– ശ്രീലങ്ക ടെസ്റ്റ് മത്സരം നടക്കുന്ന ഗോൾ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് . അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന പല മത്സരങ്ങളിലും പ്രതികൂല കാലാവസ്ഥ വില്ലനാകാറുണ്ട്. കനത്ത മഴയാണ് പലപ്പൊഴും തിരിച്ചടിയാകുന്നത്. എന്നാൽ ഇന്ന് തിരിച്ചടിയായത് കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റാണ്.
സ്റ്റേഡിയത്തിലെ താൽകാലിക സ്റ്റാൻഡ്സുകളിൽ ഒന്ന് കാറ്റിൽ തകർന്നു വീണു. ഇതിന്റെ മേൽക്കൂരയും പറന്നുപോയി. ഓസ്ട്രേലിയൻ ടീം അംഗങ്ങൾ ഇരുന്ന ഡഗൗട്ടിനു തൊട്ടുമുന്നിലേക്കാണ് തകർന്ന ഗ്ലാസ് പാളികളിലൊന്ന് തെറിച്ചു വീണത്. ഓസ്ട്രേലിയൻ താരങ്ങൾക്കോ ഗ്രൗണ്ട് സ്റ്റാഫുകളിൽക്കോ കാണികൾക്കോ പരുക്കുപറ്റിയിട്ടില്ലെന്നാണു റിപ്പോർട്ട്. ഗാലറിയുടെ തട്ടു തകർന്നുവീണത് പുലർച്ചെയായിരുന്നതിനാൽ, ആ സമയത്ത് കാണികളാരും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല.
രാവിലെ അൽപനേരത്തേക്കു മാനം തെളിഞ്ഞെങ്കിലും അധികം വൈകാതെ മഴ കനത്തതോടെ വിക്കറ്റ് വീണ്ടും മൂടിയിടേണ്ടിവന്നു. ഉച്ചകഴിഞ്ഞു മത്സരം പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.