ബോളിങ് കരുത്തിൽ രാജസ്ഥാനെ തളച്ച ഗുജറാത്ത് ടൈറ്റൻസ് 7 വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ആദ്യ സീസണിൽത്തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കി ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ആരും സാധ്യത പോലും കൽപ്പിക്കാതിരുന്ന ഒരു ടീമിനെയും കൊണ്ട് ഗ്രൂപ്പ് ജേതാക്കളായി വന്ന് കപ്പുയർത്തിയ ഗുജറാത്ത് ടൈറ്റൻസ് ഗംഭീര പ്രകടനമാണ് ഈ സീസണിൽ കാഴ്ചവെച്ചത്. എടുത്ത് പറയേണ്ടത് ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയാണ്. 17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തുകയും പിന്നാലെ 30 പന്തിൽ 34 റൺസ് നേടുകയും ചെയ്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണു ഫൈനലിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗുജറാത്തിനെ മുന്നിൽനിന്നു നയിച്ചത്.

 

ഹാര്‍ദിക് പാണ്ഡ്യയുടെ അവിശ്വസനീയ ക്യാപ്റ്റന്‍സിയെ വാഴ്ത്തുകയാണ് ക്രിക്കറ്റ്‌ലോകം. സാമൂഹികമാധ്യമങ്ങളിലെല്ലാം ആശംസാപ്രവാഹമാണ്. ഇപ്പോഴിതാ ഹാർദിക്കിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സുനിൽ ഗവാസ്കർ. എംഎസ് ധോണിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഹാര്‍ദിക് പഠിച്ചതായി തോന്നുന്നു എന്നാണ് ഗവാസ്കർ പറയുന്നത്. 

 

'ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി നോക്കുമ്പോൾ, എംഎസ് ധോണിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എംഎസ് ധോണിയെ അദ്ദേഹം തന്റെ ജ്യേഷ്ഠനും ഹീറോയും ആയിട്ടാണ് കണക്കാക്കുന്നത്. ധോണിയുടെ മാനേജുമെന്റ് ശൈലിയാണ് ഹാർദിക് പിന്തുടരുന്നത്. ധോണിയെപ്പോലെ ഹാർദിക്കും മൈതാനത്ത് അധികം വികാരങ്ങൾ കാണിക്കില്ല'. ഗവാസ്കർ കൂട്ടിച്ചേർത്തു.

 

മത്സരത്തിലുടനീളം ഹാർദിക്ക് കാഴ്ചവെച്ച ബൗളിംഗ് മാറ്റങ്ങളിലും ഫീൽഡ് പ്ലെയ്‌സ്‌മെന്റുകളിലും ഗവാസ്‌ക്കർ ആകൃഷ്ടനാവുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയിൽ 28 കാരനായ അദ്ദേഹത്തിന്റെ മികച്ച പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നോട്ടുള്ളയാത്രയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ഗവാസ്‌ക്കർ കൂട്ടിച്ചേർത്തു.