buttler-dissappoinment

കളിക്കളത്തിലെ പെരുമാറ്റത്തിന്റെ പേരിൽ വലിയ വിവാദങ്ങളൊന്നും ഇല്ലാതെ കടന്നു പോയ ഒരു ഐപിഎൽ സീസണാണ് ഇത്തവണ കടന്നുപോയിരിക്കുന്നത്. ക്രിക്കറ്റിലെ പെരുമാറ്റത്തിന്റെ കാര്യമെടുത്താൽ കളിക്കളത്തിലെ ‘മാതൃകാ പുരുഷൻ’മാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ആളാണു രാജസ്ഥാന്‍ റോയൽസിന്റെ ഇംഗ്ലിഷ് താരം ജോസ് ബട്‌ലർ എന്ന മലയാളികളുടെ പ്രിയപ്പെട്ട 'ജോസേട്ടൻ'. കളിക്കളത്തിലെ സമചിത്തതയും മാന്യമായ പെരുമാറ്റവുമാണ് ഇതിനു കാരണം. 

ഗ്രൂപ്പ് ഘട്ടത്തിലെ ഡൽഹി– രാജസ്ഥാൻ മത്സരത്തിലെ ഫീൽഡിങ്ങിനിടെ അവസാന ഓവറിലുണ്ടായ നോബോൾ വിവാദത്തെത്തുടർന്ന് ഡൽഹി ബാറ്റർമാരെ പവിലിയനിലേക്കു മടക്കി വിളിച്ച ക്യാപ്റ്റൻ ഋഷഭ് പന്തിനരികിലേക്ക് ഓടിയെത്തി ‘ഉപദേശം’ നൽകാൻ പോലും സമയം നീക്കിവച്ച ആളാണു ബട്‌ലർ. ഇങ്ങനെയുള്ള ബട്‌ലർ ദേഷ്യവും നിരാശയും കാരണം ഹെൽമെറ്റും ഗ്ലൗസും വലിച്ചെറിഞ്ഞാലോ? അതിന്റെ ദ്യശ്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

രാജസ്ഥാൻ ഇന്നിങ്സിലെ 13–ാം ഓവറിലെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യയെ തേഡ് മാൻ ഫീൽഡർക്കു സമീപത്തേക്കു പ്രതിരോധിച്ചു സിംഗിളെടുക്കാനുള്ള ശ്രമമാണു ബട്‌ലറുടെ പുറത്താകലിൽ കലാശിച്ചത്. ബട്‌ലറുടെ ബാറ്റിലുരസിയ പന്ത് നേരെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലേക്കാണു ചെന്നത്. 

യശസ്വി ജെയ്‌സ്വാൾ, ക്യാപ്റ്റൻ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവർ പുറത്തായതോടെ രാജസ്ഥാനു പ്രതീക്ഷ നൽകാൻ ബട്‌ലറുടെ ‘വമ്പൻ’ ഇന്നിങ്സ് തന്നെ വേണ്ടിയിടത്തായിരുന്നു ഈ അപ്രതീക്ഷിത പുറത്താകൽ. നിരാശയോടെ ടീം ഡഗൗട്ടിലേക്കു മടങ്ങിയ ബട്‌ലർ, കടുത്ത അമർഷത്തോടെ ഹെൽമെറ്റും കയ്യുറയും വലിച്ചെറിയുന്ന ദൃശ്യങ്ങൾ ടിവി ക്യാമറയിൽ പതിഞ്ഞു. 

ഫൈനലിൽ തിളങ്ങാനായില്ലെങ്കിലും സീസണിൽ 57.53 ശരാശരിയിൽ 863 റൺസെടുത്ത ബട്‌ലർ ഏറ്റവും അധികം റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് അടക്കം ഒരുപിടി ബഹുമതികളുമായാണ് മടക്കം. ഓറഞ്ച് ക്യാപ്പിനു പുറമേ, സീസണിൽ ഏറ്റവും അധികം ഫോർ (83) നേടിയ താരം, സിക്സർ (45) നേടിയ താരം, പവർപ്ലേയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം, സീസണിലെ ഏറ്റവും മൂല്യമേറിയ താരം എന്നീ നേട്ടങ്ങളും ബട്‌ലർ സ്വന്തമാക്കി.