Ravindra-Jadeja

ചെന്നൈയുടെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള സാമർഥ്യമുണ്ടെന്ന്തുറന്ന് പറഞ്ഞിരിക്കുകയാണ് അമ്പാട്ടി റായുഡു.  എം.എസ്. ധോണിയെപ്പോലെയുള്ള ഒരാളുടെ പകരക്കാരനായി ചുമതലയേറ്റെടുക്കുക എന്നതു ജഡേജയെപ്പോലെ ഒരാളെ സംബന്ധിച്ചടത്തോളം കടുത്ത വെല്ലുവിളിയാണെന്നും എന്നാൽ പരിചയസമ്പത്ത് ജഡേജയ്ക്ക് അനുകൂല ഘടകമാണെന്നും റായുഡു പറയുന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ യുട്യൂബ് ചാനലിലൂടെയാണ് റായുഡുവിന്റെ തുറന്നുപറച്ചിൽ. 

‘ധോണിയുടെ വിടവു നികത്താൻ ശ്രമിച്ചാൽ അത് ഒരിക്കലും സാധിക്കില്ല. പക്ഷേ, ജഡേജയുടെ ഉള്ളിൽ നേതൃപാടവം ഉണ്ട്. മഹിഭായ്‌യുടെ മേൽനോട്ടം ഉണ്ടാവും എന്നതും പിന്തുണയുമായി ധോണി മൈതാനത്ത് ഉണ്ടാകുമെന്നതും ജഡേജയ്ക്കുള്ള അധിക ബഹുമതികളാണ്.വരും ദിവസങ്ങളിൽ ജഡേജ മെച്ചപ്പെടും എന്ന് ഉറപ്പാണ്. ചെന്നൈയെ മാത്രമല്ല, ഇന്ത്യയെത്തന്നെ നയിക്കാനുള്ള വൈദഗ്ധ്യം ജഡേജയ്ക്ക് ഉണ്ട്.

മഹിഭായ്‌ ചെയ്യുന്നതുപോലെ മറ്റൊരു താരവും ചെയ്തു ഞങ്ങളാരും കണ്ടിട്ടില്ല. ഇന്ത്യക്കാരോ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരോ ധോണിയെപ്പോലെ ഒരു താരത്തെ കണ്ടിട്ടുണ്ടെന്നു ഞാൻ കരുതുന്നില്ല, ഇനി കാണുമെന്നും.അതേ സമയം, മാറ്റം എന്നത് അനിവാര്യമാണെന്നും ഓർക്കണം. വരും വർഷങ്ങളിൽ ചെന്നൈ ടീമിൽ യുവാക്കൾ കൂട്ടമായെത്തും. ജഡേജയെപ്പോലെ ഒരു യുവ നായകനു കീഴിൽ കളിക്കാനാകും എന്നത് അവർക്ക് പകരം വയ്ക്കാനാകാത്ത അനുഭവം ആയിരിക്കും. 

ക്യാപ്റ്റന്റെ അതേ ഉത്തരവാദിത്തമാകും ടീമിലെ മറ്റു താരങ്ങൾക്കും ഉണ്ടാകുക. ജഡേജയും ചെന്നൈ ടീമും കൃത്യമായ ട്രാക്കിലാണെന്നാണു ഞാൻ വിശ്വസിക്കുന്നത്.ജഡേജയുടെ നേതൃത്വത്തിൽ ചെന്നൈ വമ്പൻ ജയങ്ങൾതന്നെ കൈവരിക്കുമെന്നും റായിഡു കൂട്ടിച്ചേർത്തു.നിലവിൽ എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ആറ് പരാജയങ്ങളുമായി ഒൻപതാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈ ഇനി ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം എന്ന് പറയേണ്ടിയിരിക്കുന്നു.