Jadeja-Csk

തുടർപരാജയങ്ങളിലൂടെ ഇത്തവണത്തെ ഐപിഎല്ലിൽ നിന്നും പ്ലേഓഫ് കാണാതെ പുറത്താകുമോ എന്ന ഭയത്തിലാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ആറ് പരാജയങ്ങളുമായി ഒൻപതാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈ ഇനി ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം എന്ന് പറയേണ്ടിയിരിക്കുന്നു.മേയ് ഒന്നിനു ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് ചെന്നൈയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ തോല്‍ക്കുകയാണെങ്കില്‍ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകള്‍ പൂർണ്ണമായിട്ട് അവസാനിക്കുകയും ചെയ്യും.

ചെന്നൈയുടെ ക്യാപ്റ്റനായ ശേഷം രവീന്ദ്ര ജഡേജ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നതെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര അഭിപ്രായപ്രകടനങ്ങൾ നടത്തിയിരിക്കുന്നത്. ഈ സമ്മര്‍ദ്ദം ജഡേജയുടെ വ്യക്തിഗത പ്രകടനത്തെയും സാരമായി ബാധിച്ചു. സിഎസ്‌കെയെ സംബന്ധിച്ച് മാത്രമല്ല ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചും ഇതു ആശങ്കയുണ്ടാക്കുന്ന കാര്യമാണ്, കാരണം അദ്ദേഹം ബോളിങില്‍ വിക്കറ്റുകളെടുക്കുവാൻ മാത്രല്ല ബാറ്റിങില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുവാൻ സാധിക്കുന്നില്ല. ജഡേജയുടെ ബാറ്റിങ് മുൻപ് നടത്തിയ പ്രകടനങ്ങൾ പോലെ ശരിയാകുന്നില്ല. ബോളില്‍ ശരിയായ രീതിയിൽ ബാറ്റ് കൊള്ളുന്നില്ലെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.