ഐപിഎലിൽ സ്വപ്നതുല്യമായ കുതിപ്പിലാണ് പുതിയ ഫ്രഞ്ചൈസികളിലൊന്നായ ഗുജറാത്ത് ടൈറ്റൻസ്. നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഗുജറാത്ത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തന്നെയാണ് ടീമിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്നത്. റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹാർദിക് ഇപ്പോഴുള്ളത്. ബാറ്റിങ് ഓർഡറിൽ സ്വയം സ്ഥാനക്കയറ്റം നൽകിയ ഹാർദിക്, ഇതുവരെ മൂന്ന് അർധസെഞ്ചുറികൾ തികച്ചു. ബോളിങ്ങിലും മികവ് കാട്ടുന്നുണ്ട്.
ഇപ്പോൾ, ഹാർദിക്കിന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി മുൻ ഓസീസ് സ്പിന്നർ ബ്രാഡ് ഹോഗ് രംഗത്തെത്തിയിരിക്കുകയാണ്. ഇതുവരെയുള്ള ടൂർണമെന്റ് വിലയിരുത്തിയാൽ ഐപിഎലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയയാണെന്നു ബ്രാഡ് ഹോഗ് പറഞ്ഞു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് ഹാർദിക് എത്തിയാലും അത്ഭുതമില്ലെന്നും ഹോഗ് പറയുന്നു.
‘രണ്ട് വർഷത്തിനുള്ളിൽ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ വൈറ്റ് ബോൾ ക്രിക്കറ്റിൽ നയിച്ചാൽ ഞാൻ അദ്ഭുതപ്പെടില്ല. അദ്ദേഹം യഥാർഥ നായകനാണ്. സമ്മർദം ഉണ്ടാകുമ്പോൾ, അത് ഏറ്റെടുക്കാനും അതിനൊപ്പം സഞ്ചരിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.’– തന്റെ യൂട്യൂബ് ചാനലിലെ വിഡിയോയിൽ ബ്രാഡ് ഹോഗ് പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ നടുവേദനയെത്തുടർന്ന് ഹാർദിക് പാണ്ഡ്യ കളിച്ചിരുന്നില്ല. പകരം റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിച്ചത്. മൂന്നു വിക്കറ്റിന് മത്സരം ഗുജറാത്ത് വിജയിക്കുകയും ചെയ്തു. കൊൽക്കത്തയ്‌ക്കെതിരെ ഏറ്റവും അവസാനം നടന്ന വാശിയേറിയ മത്സരത്തിൽ നാടകീയമായാണ് ഗുജറാത്ത് ജയിച്ചത്.