ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ഉമ്രാൻ മാലിക് ലോകോത്തര താരങ്ങളെ വിറപ്പിക്കുമ്പോൾ, ജമ്മുവിലെ ഗുജ്ജു നഗറിൽ പഴച്ചക്കച്ചവടം തുടരുകയാണ് ഉമ്രാന്റെ അച്ഛൻ അബ്ദുൽ റാഷിദ്. പക്ഷേ, ഇപ്പോൾ ചെറിയൊരു വ്യത്യാസമുണ്ട് റാഷിദിന്റെ പേരിൽ അറിയപ്പെട്ടിരുന്ന പഴക്കട ഇപ്പോൾ ഉമ്രാന്റെ അച്ഛന്റെ പഴക്കട ആയാണ് അറിയപ്പെടുന്നത്! സംഭവബഹുലമായ 5 വർഷങ്ങൾക്കിടെയാണ് ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരൻ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാൻ വളർന്നത്! മകൻ സൂപ്പർ സ്റ്റാർ ആയെങ്കിലും പണ്ടു മുതൽ കുടുംബത്തിനുള്ള വരുമാനം നൽകിയിരുന്ന പഴക്കച്ചവടം നിർത്താൻ ഉദ്ദേശമില്ലെന്നാണ് അച്ഛൻ അബ്ദുൽ റാഷിദ് പറയുന്നത്. 

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഉമ്രാന്റെ കൈകളിൽനിന്നു മൂളിപ്പറന്ന ഒരു ബോളിന്റെ വേഗം 153.3 കിലോമീറ്ററായിരുന്നു. പിന്നീടുള്ള 2 പന്തുകൾ 151.2, 150.1 എന്നീ വേഗത്തിലും. കിവീസിന്റെ അതിവേഗക്കാരൻ പേസർ ലോക്കി ഫെർഗൂസിനെ പിന്തള്ളി മത്സരത്തിലെ ഏറ്റവും വേഗമേറിയ 5 പന്തുകൾ ബോൾ ചെയ്തതും ഉമ്രാൻതന്നെ.

കടം വാങ്ങിയ ഷൂസുമായി (സ്പൈക്സ്) ജമ്മു അണ്ടർ 19 ടീം സിലക്ഷൻ ട്രയൽസിനു പോയ താരമാണ് ഉമ്രാൻ. പിന്നാലെ സംസ്ഥാന ടീമിൽ ഇടം നേടിയെങ്കിലും വിനു മങ്കാദ് ട്രോഫിയിൽ ഒരു കളിക്കുള്ള അവസരമേ ലഭിച്ചുള്ളു. മത്സരത്തിൽ വില്ലനായി മഴയും എത്തി. തൊട്ടടുത്ത വർഷം അണ്ടർ 23 ടീം സിലക്‌ഷൻ ട്രയൽസിനു പോയെങ്കിലും ടീമിൽ അവസരം ലഭിച്ചില്ല. 

2019–20 രഞ്ജി സീസണിൽ ജമ്മു കശ്മീർ– അസം മത്സരത്തിനു മുന്നോടിയായി അസം പരിശീലകൻ അജയ് രാത്ര നെറ്റ്ബോളർമാരെ തിരഞ്ഞപ്പോളാണ് ഉമ്രാൻ ആദ്യമായി അവതരിക്കുന്നത്.‌ജമ്മു കശ്മീരിൽനിന്ന് ഐപിഎൽ കളിക്കുന്ന 4–ാമത്തെ താരമാണ് ഉമ്രാൻ. ഐപിഎല്ലിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ ഇന്ത്യൻ താരം എന്ന റെക്കോർഡും ഉമ്രാന്റെ പേരിലാണ്. 4 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഉമ്രാനെ നിലനിർത്തിയത്.