യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്നത്തെ മല്‍സരങ്ങളില്‍ ചെല്‍സി റയല്‍ മാഡ്രിഡിനെയും, ബയേണ്‍ മ്യൂണിക് വിയ്യാറയലിനെയും നേരിടും.ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട ചെല്‍സിക്ക് സെമിയിലെത്താന്‍ വമ്പന്‍ ജയം അനിവാര്യമാണ്. എന്നാല്‍ മികച്ച ഫോമില്‍ കുതിക്കുന്ന റയലിനെ സാന്‍റിയാഗോ ബെര്‍ണാബ്യുവില്‍ തോല്‍പ്പിക്കുക അത്ര എളുപ്പമാകില്ല.
അങ്ങനെയെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ സെമി കാണാതെ പുറത്താകും. മുന്നേറ്റനിരയില്‍ കരീം ബെന്‍സേമയുടെ മിന്നുന്ന ഫോമാണ് റയലിന്‍റെ കരുത്ത്. അവസാന രണ്ട് ചാമ്പ്യന്‍സ് മല്‍സരങ്ങളില്‍ ഹാട്രിക് നേടിയ ബെന്‍സേമയെ പിടിച്ചുകെട്ടുക എന്നതായിരിക്കും ചെല്‍സിയുടെ ആദ്യ ലക്ഷ്യം. റയലിനെതിരായ ആദ്യപാദ മല്‍സരത്തില്‍ പരിക്കേറ്റ റൊമേലു ലുക്കാക്കു ഇന്ന് ഇറങ്ങില്ല എന്നത് ചെല്‍സിക്കു തിരിച്ചടിയാണ്.ആദ്യപാദത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് തോറ്റ ബയേണിനും ഇന്നത്തെ പോരാട്ടം നിര്‍ണ്ണായകമാണ്. അലിയന്‍സ് അരീനയില്‍ രണ്ടാംപാദ പോരാട്ടത്തിനിറങ്ങുമ്പോള്‍ മുന്‍തൂക്കം ബയേണിന് തന്നെയാണ്. എന്നാല്‍ ഗോള്‍നേടാന്‍ അനുവദിക്കാതെ ബയേണിനെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചാല്‍ 2006നു ശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ വിയ്യാറയലിന്‍റെ സാന്നിധ്യമുണ്ടാകും.