ഇംഗ്ലണ്ടിനെ 71 റണ്‍സിന് തകര്‍ത്ത് വനിത ഏകദിന ലോകകിരീടം ഓസ്ട്രേലിയക്ക്. ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഏക്കാലത്തെയും ഉയര്‍ന്ന സ്കോര്‍ നേടിയ അലീസ ഹീലിയുടെ മികവില്‍ ഓസ്ട്രേലിയ 357 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. 285 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. 170 റണ്‍സ് നേടിയ അലീസ 2007ല്‍ ആദം ഗില്‍ക്രിസ്റ്റ് കുറിച്ച റെക്കോര്‍ഡ് സ്കോറാണ് മറികടന്നത്.

 

നാലുവര്‍ഷമായി തുടരുന്ന സര്‍വാധിപത്യത്തിന് തിളക്കമേറ്റി ഏഴാം ലോകകിരീടനേട്ടം. ഒരൊറ്റ ഇന്നിങ്സുകൊണ്ട് ടൂര്‍ണമെന്റിലെ താരവും മല്‍സരത്തിലെ താരവുമായി അലീസഹീലി. 136 പന്തില്‍ 26 ബൗണ്ടറികളുട അകമ്പടിയോടെ 170 റണ്‍സ്. ഹീലി – റേച്ചല്‍ ഹെയ്ന്‍സ് ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കാന്‍ 30ാം ഓവര്‍ വരെ ഇംഗ്ലണ്ടിന് കാത്തിരിക്കേണ്ടി വന്നു..ക്യാപ്റ്റന്‍ ബെത്ത് മൂണിയുടെ അര്‍ധസെഞ്ചുറിയും എല്ലിസ് പെറിയും ഫിനിഷിങ് മികവും ചേര്‍ന്നതോടെ ഓസീസ് വനിത ലോകകപ്പ് ഫൈനലിലെ ഉയര്‍ന്ന സ്കോര്‍ നേടി.

 

നേറ്റ് സ്കിവെര്‍ ഒഴികെ മറ്റാര്‍ക്കും ഓസീസ് ബോളര്‍മാര്‍ക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല.148 റണ്‍സുമായി സ്കീവര്‍ പുറത്താകാതെ നിന്നു.  അലാന കിങ്ങും ജെസീക്ക ജൊനാസനും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. 2007 ലോകകപ്പ് ഫൈനലില്‍ ലങ്കയ്ക്കെതിരെ 149 റണ്‍സ് നേടിയ ആദം ഗില്‍ക്രിസ്റ്റിന്റെ ലോക റെക്കോര്‍ഡാണ് അലീസ ഹീലി മറികടന്നത്. 509 റണ്‍സുമായി ഹീലി  ടൂര്‍ണമെന്റിലെ താരമായി. നാലുവര്‍ഷത്തിനിടെ 38 ഏകദിനങ്ങളില്‍ ഓസീസ് വനിതകള്‍ പരാജയമറിഞ്ഞത് ഒരിക്കല്‍ മാത്രം.